ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കാൻ നടപടികൾ തുടങ്ങി. മഴ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി ദേശീപാത വിഭാഗം സ്വീകരിച്ചത്. ആദ്യ ഘട്ടമായി വൺവേ സംവിധാനത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി റോഡിലെ ഒരു ഭാഗത്തെ മണ്ണും കല്ലും നീക്കി വൺവേയായി വാഹങ്ങൾ കടന്നു പോകുന്നതിനുള്ള ക്രമീകരങ്ങൾ ഒരുക്കി.
ഗതാഗതം നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. ജില്ലാ കലക്ടർ ഉത്തരവ് പിൻവലിക്കുന്ന സാഹചര്യത്തിൽ വൺവേ സംവിധാനത്തിൽ ഗതാഗതം സാധ്യമാക്കാനാണ് ദേശീയപാത വിഭാഗത്തിന്റെ തീരുമാനം. ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിന് ഒരാഴ്ചയിലധികം സമയമെടുക്കും.
കഴിഞ്ഞ ദിവസം കനത്ത മഴയിൽ വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിക്കുകയും ചെയ്തിരുന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിലാണ് മണ്ണിടിച്ചലുണ്ടായത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു.
റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി പറപൊട്ടിക്കുകയും മണ്ണുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചൽ ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിച്ചത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരവധി തവണ മണ്ണിടിച്ചൽ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം ഒഴിവാക്കിയിരുന്നു. ഇപ്പോൾ റോഡിന്റെ വീതി വർധിപ്പിക്കുന്ന പണികൾ കഴിഞ്ഞെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...