തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം ഇരുപത്തിമൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. 1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാൻ നിമയഭേദഗതി വരുത്തും. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.
ജീവിതോപാധിക്കായി നടത്തിയ ചെറിയ നിര്‍മ്മാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. 1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കില്‍ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും.
ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്‍റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക.
സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകുംവിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാൻ റവന്യൂ -നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കാര്‍ഡമം ഹില്‍ റിസര്‍വ്വില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടൻ ലഭ്യമാക്കി ലാന്‍റ് രജിസ്റ്ററില്‍ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടർ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ അടിയന്തര തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും ജില്ലാ കളക്ടറും കെ എസ് ഇ ബിയും ചേർന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി.
പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ രണ്ടുതരം പ്രശ്നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. 1960 ലെ ഭൂപതിവ് നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്നങ്ങളാണ് രണ്ടാമത്തേത്. രണ്ടാമത്തെയിനത്തില്‍ ഉയർന്ന ഒൻപത് പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
ആനവിലാസം വില്ലേജിനെ എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം തീരുമാനം കൈക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. പട്ടയ ഭൂമിയിൽ നിന്ന് ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യു, വനം മന്ത്രിമാർ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി കർഷകരുടെ പരാതികൾ വനം വകുപ്പിന് ലഭിച്ചിരുന്നു. ജില്ലയിൽ ഉയർന്നിട്ടുള്ള ഇത്തരം എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി.പി ജോയി, അഡ്വക്കറ്റ് ജനറൽ കെ. ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉൾപ്പെടെയുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...