ലൈഫ് പദ്ധതി: മൂന്ന് ലക്ഷവും കടന്ന് നിർമ്മാണം പൂർത്തിയായ വീടുകൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്‌

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 07:37 PM IST
  • 7,329 വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്‌
  • ഇതിന്‌ പുറമേ 25,664 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്‌
  • 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്‌
ലൈഫ് പദ്ധതി: മൂന്ന് ലക്ഷവും കടന്ന് നിർമ്മാണം പൂർത്തിയായ വീടുകൾ

ലൈഫ്‌ ഭവനപദ്ധതിയിൽ പൂർത്തിയായ വീടുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇന്നലെ വരെയുള്ള കണക്ക്‌ അനുസരിച്ച്‌ 3,00,598 വീടുകളുടെ നിർമ്മാണമാണ്‌ പൂർത്തിയായത്‌. ഇതിന്‌ പുറമേ 25,664 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്‌. ഇതിൽ 7,329 വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്‌. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്‌. കണ്ണൂർ ജില്ലയിലെ കടമ്പൂർ, കൊല്ലത്തെ പുനലൂർ, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂർ എന്നിവിടങ്ങളിലെ ഭവനസമുച്ചയങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു‌. ഓരോ കേന്ദ്രത്തിലും 44 വീതം ഫ്ലാറ്റുകളാണ്‌ ഉള്ളത്‌. 

അടുത്ത ഘട്ടം ലൈഫ്‌ കരട്‌ പട്ടികയിൽ 5,64,091 ഗുണഭോക്താക്കളാണ്‌ ഉള്ളത്‌. ഇതിൽ 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്‌. ഈ പട്ടിക ചർച്ച ചെയ്ത്‌ പുതുക്കാൻ വേണ്ടിയുള്ള ഗ്രാമ/വാർഡ്‌ സഭകൾ ഇപ്പോൾ ചേരുകയാണ്‌. ആഗസ്റ്റ്‌ 5നുള്ളിൽ ഗ്രാമ/വാർഡ്‌ സഭകളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ പുതുക്കിയ പട്ടിക തയ്യാറാകും.  ആഗസ്റ്റ്‌ പത്തിനുള്ളിൽ പഞ്ചായത്ത്‌/നഗരസഭാ ഭരണ സമിതികൾ  ഈ പട്ടികയ്ക്ക്‌ അംഗീകാരം നൽകും. അഗസ്റ്റ്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌.

കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിഞ്ഞുകൊണ്ട്‌ ‌ലൈഫ്‌ പദ്ധതി മുന്നോട്ട്‌ കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൂന്ന് ലക്ഷത്തോളം വീടുകൾ ഒരു സംസ്ഥാനത്ത്‌ ഒരുക്കിയ പദ്ധതി ലോകത്ത്‌ തന്നെ അപൂർവ്വമാണ്‌. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News