കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരു മലക്കം മറിച്ചിലുമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. മിത്തിനെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. അല്ലാതെ മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
മതങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും സിപിഎമ്മിനില്ല. ശബരിമല ബിജെപിക്കു ഗുണം ചെയ്തില്ലെന്ന് കെ.സുരേന്ദ്രൻ സമ്മതിച്ചതായി ജയരാജൻ ചൂണ്ടിക്കാട്ടി. ഗണപതിയെ മിസ് ചെയ്യരുത്, ഉപയോഗിക്കണം എന്നു പറയുന്നതിലൂടെ സുരേന്ദ്രൻ പുറത്തുവിടുന്ന ആശയം, മതത്തെയും വിശ്വാസത്തെയും വോട്ടിനു വേണ്ടി രാഷ്ട്രീയവൽക്കരിക്കുന്ന ഹീനമായ തന്ത്രമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ALSO READ: ഡോ. വന്ദനാദാസ് കൊലപാതകം: അധ്യാപകനായ പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി
‘‘സിപിഎമ്മിന് ഒരു മലക്കം മറിച്ചിലുമില്ല. മിത്ത് മിത്തായും ശാസ്ത്രം ശാസ്ത്രമായും ചരിത്രം ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയുമല്ല സിപിഎം. മിത്തിനെ മിത്തായി കാണണമെന്നു പറയുമ്പോൾ, വിശ്വാസത്തെ വിശ്വാസമായി കാണുമ്പോൾ, ധാരാളം വിശ്വാസികൾ ഗണപതി വിശ്വാസികൾ കൂടിയാണ്. മതവിശ്വാസത്തിന്റെ ഭാഗമായി ആ വിശ്വാസത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാട് സിപിഎമ്മിനില്ല. വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുള്ള നിലപാടും സിപിഎമ്മിനില്ല. ശാസ്ത്രത്തെയും വിശ്വാസത്തെയും പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
സ്പീക്കർക്കെതിരെ പ്രകോപന മുദ്രാവാക്യം വിളിച്ച് രംഗത്തുവന്നത് മറ്റൊന്നിനുമായിരുന്നില്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു തട്ടാനാണ്. അത് സുരേന്ദ്രൻ ആവർത്തിച്ചതോടെ, അണികൾക്കു നൽകിയ നിർദ്ദേശം പുറത്തുവന്നതാണെങ്കിലും ഒരു കാര്യം വ്യക്തമാണ്. ഗണപതിയെ അവർ ചേർത്തുപിടിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല, മറിച്ച് വോട്ടിനുള്ള ഒരു തന്ത്രമായിട്ടാണ്. വിശ്വാസപൂർവമാണ് പ്രശ്നങ്ങളെ കാണുന്നതെങ്കിൽ, ആദ്യം പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടേ? കേരളത്തിൽ ഇതൊന്നും ചെലവാകില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് അശേഷം സംശയമില്ല. മണിപ്പുരും ഹരിയാനയും കേരളത്തിൽ ഉണ്ടാകില്ല.
എൻഎസ്എസിന്റെ ആദ്യ പഥികർ ജാതിവിവേചനത്തിന് എതിരെ രംഗത്തു വരികയും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ സമരം നടത്തി, പ്രാർഥനാ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങിയവരുടെ ജാഥയിൽ അണിനിരക്കുകയും ചെയ്ത പാരമ്പര്യമാണ്. ആ പാരമ്പര്യത്തിൽ എൻഎസ്എസിന്റെ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരാൻ പാടില്ല’’ – ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...