എസ്എന്‍ഡിപി യോഗം ജെനെറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി.എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പിരിച്ച് വിട്ട നടപടി കൊല്ലം സബ് കോടതി സ്റ്റേ ചെയ്തു.സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് തുടരാം എന്ന് പറഞ്ഞ കോടതി നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളരുതെന്നും നിര്‍ദേശം നല്‍കി.
മൈക്രോ ഫിനാന്‍സ് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഭരണസമിതി ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു,സെക്രട്ടറി സുരേഷ് ബാബു എന്നിവരുള്‍പ്പെടുന്ന ഭരണസമിതിയെ പിരിച്ചുവിട്ടത്.പന്തളം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ അഡിമിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുകയും ചെയ്തിരുന്നു.
വെള്ളാപ്പള്ളി നടേശനതിരായ നിലപാട് സുഭാഷ് വാസു സ്വീകരിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടത്.സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത് കൊണ്ടാണ് മാവേലിക്കര യൂണിയന്‍ പിരിച്ച് വിട്ടതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സുഭാഷ് വാസു വെള്ളാപ്പള്ളിയുടെ നടപടി അംഗീകരിക്കുന്നതിന് തയ്യാറായില്ല.വെള്ളാപ്പള്ളിയും കുടുംബവും എസ്എന്‍ഡിപിയെ കൊള്ളയടിക്കുകയാണെന്ന് ആരോപിക്കുകയും,മാവേലിക്കര യൂണിയന്‍ പിരിച്ച് വിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നു.