മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗൻവാടികളിലും മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ. അഞ്ചാം പനിക്ക് ചികിത്സ വേണ്ടെന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിന് മുമ്പ് അഞ്ചാം പനിയുടെ സാഹചര്യത്തിൽ തിരൂർ, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്ക് നിര്ബന്ധമാക്കിയിരുന്നു.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് പ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ പ്രദേശങ്ങളിലാണ് രോഗബാധ പടർന്ന് പിടിക്കുന്നത്. ഇതിനെതിരെയുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന കണക്കുകൾ അനുസരിച്ച് മലപ്പുറം ജില്ലയിൽ മാത്രം അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 89000 പേര്‍ കുത്തിവയ്പ് എടുത്തിട്ടില്ല. അതേസമയം മലപ്പുറത്ത് അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 426 ആയി ഉയർന്നിട്ടുണ്ട്.
ALSO READ : എന്താണ് അഞ്ചാം പനി? ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം? അറിയാം വിശദമായി
കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗം.ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. കുട്ടികളിൽ മാത്രമല്ല കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്.പനിയാണ് ആദ്യത്തെ ലക്ഷണം. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങൾ.
ദേഹമാസകലം ചുവന്ന പാടുകൾ കാണപ്പെടും.ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്ന ശേഷമാണ് ശരീരം മുഴുവൻ ഈ പാടുകൾ വരുന്നത്. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോൾ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിൻ എ തുള്ളികളും നൽകണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതൽ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തിൽ ചെയ്യാം.
അസുഖമുള്ള ഒരാളുടെ സ്രവത്തിൽ നിന്നോ ചുമ, തുമ്മൽ എന്നിവ വഴിയോ രോഗം പകരാം. മുഖാമുഖ സമ്പർക്കം വേണമെന്നില്ല. രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും രോഗം വരാം...പ്രതിരോധ കുത്തിവെപ്പുകളെടുക്കുന്ന കുട്ടികളുടെ ശതമാനം കുറവാണ്. അതുകൊണ്ടുതന്നെ ലോകത്താകമാനമുള്ള അഞ്ചാം പനിമരണങ്ങളിൽ അമ്പത് ശതമാനവും നമ്മുടെ ഇന്ത്യയിലാണെന്ന വസ്തുത ഗൗരവമുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...