തിരുവനന്തപുരം: മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞ നിറമുള്ള കവറു പാലിന് (ഡബിള്‍ ടോണ്‍ഡ്) അഞ്ചു രൂപയാണ് വര്‍ധിച്ചത്.
മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതുക്കിയ വില. കടും നീല കവറിന് ലീറ്ററിന് 46 രൂപയാകും.
ഓറഞ്ച്, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ പുതുക്കിയ വില 48 രൂപയാണ്. പുതുക്കിയ വിലയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് ലഭിക്കും.
പുതിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളാകും വിപണിയിലെത്തുന്നത്.
ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാല് വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചത്.
കാലിത്തീറ്റയുടേയും മറ്റ് ഉല്പാദനോപാധികളുടേയും വില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വര്‍ധിപ്പിക്കേണ്ടി വന്നതെന്നാണ് മില്‍മയുടെ വിശദീകരണം.