തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്ത് കേസുമായി (Gold smuggling case) ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ (V Muraleedharan) നടത്തിയ പ്രസ്താവനകളും വാദങ്ങളും അദ്ദേഹത്തിന് തന്നെ വിനയായി മാറിയിരിയ്ക്കുകയാണ് .
സ്വർണം കടത്താൻ ഉപയോഗിച്ചത് നയതന്ത്ര ബാഗേജ് തന്നെയാണ് എന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയില്‍ അറിയിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണം കടത്തിയത് എന്നാണ് നേരത്തെ വി മുരളീധരൻ വാദിച്ചിരുന്നത്. കേന്ദ്രത്തിന്‍റെ വിശദീകരണ൦ കൂടി വന്നതോടെ വി മുരളീധരന് വൻ തിരിച്ചടിയായിരിക്കുകയാണ്.
കേന്ദ്രമന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ പ്രസ്താവനയിലൂടെ തെളിഞ്ഞതോടെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ രാജി ആവശ്യപ്പെട്ട് സിപിഎം രംഗത്ത് എത്തിയിരിക്കുകയാണ്.
വി മുരളീധരൻ കള്ളം പറഞ്ഞുവെന്ന് ബോധ്യപ്പെട്ടിട്ടും അതേക്കുറിച്ച് ചോദിക്കാൻ കോൺഗ്രസോ ലീഗോ തയ്യാറാകുന്നില്ലെന്നാണ് മന്ത്രി എം എം മണി (M M Mani) അഭിപ്രായപ്പെട്ടത്. വിഷയത്തില്‍ അദ്ദേഹം തന്‍റെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.
എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
" നയതന്ത്ര ബാഗ് തന്നെയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയിരിക്കുന്നു. സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് തുടർച്ചയായി ആവർത്തിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുള്ള മറുപടി കൂടിയാണ് ഇത്. തലക്കടി കിട്ടിയതു പോലെ വന്ന ഈ മറുപടി കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രമന്ത്രി മുരളീധരന്‍റെയും ബിജെപിയുടെയും അവസ്ഥ ആർക്കും മനസ്സിലാകും.
പക്ഷേ ഇത്ര കൃത്യമായി വസ്തുത പുറത്തുവന്നിട്ടും ശ്രീ. വി. മുരളീധരന്‍റെ കള്ളം പറച്ചിലിന്‍റെ ഉദ്ദേശ്യമെന്തെന്ന് ചോദിക്കാൻ കോൺഗ്രസിന്‍റെയോ ലീഗിന്‍റെയോ നേതാക്കളോ, മറ്റു യുഡിഎഫ് നേതാക്കളോ തയ്യാറാകുന്നില്ല. ബിജെപി നേതാവിന്‍റെ കള്ളം പൊളിഞ്ഞതിൽ ബിജെപി നേതാക്കൾക്കുള്ള വേദന, അവരുടെ ബി ടീമായി പ്രവർത്തിക്കുന്നതു കൊണ്ടായിരിക്കും യു.ഡി.എഫ്. നേതാക്കളുടെ മുഖത്തും പ്രതിഫലിക്കുന്നത്.
ബിജെപിയുടെ ടി വി ചാനൽ മേധാവി, നയതന്ത്ര ബാഗേജല്ല എന്ന് പറയണമെന്ന് സ്വപ്നയെ ഉപദേശിച്ചിരുന്നതായും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാംകൂടി കൂട്ടിവായിച്ചാൽ കേന്ദ്രമന്ത്രിയുടെ കള്ളം പറച്ചിലും കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുടെ വിഷാദവുമൊക്കെ എന്തിനാണെന്ന് വ്യക്തമാകും. ആരെ സഹായിക്കാനാണെന്നും മനസ്സിലാകും. ഇതെല്ലാം കാണുമ്പോൾ "കള്ളൻ, കള്ളൻ എന്ന് വിളിച്ചു പറഞ്ഞ് മുന്നിലോടുന്ന കള്ളനെ" ആരെങ്കിലും ഓർത്താൽ കുറ്റം പറയരുത്''.
Also read: Gold smuggling case: അന്വേഷണം വൻ സ്രാവുകളിലേയ്ക്ക്; മന്ത്രി മകന്റെ പങ്കും അന്വേഷിക്കണം..!
അതേസമയം, കേന്ദ്രസഹമന്ത്രി വി മുരളീധരനെ മാറ്റണമെന്നും പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി എത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം ആര്‍എസ്‌എസിലെ ഒരു വിഭാഗവുമാണ് മുരളിക്കെതിരായി രംഗത്തെത്തിയത്. നയതന്ത്രബാഗല്ലെന്ന് പറഞ്ഞ് കേസില്‍ തുടക്കം മുതല്‍ കേന്ദ്രമന്ത്രി നടത്തിയ ഇടപെടല്‍ നാണംകെടുത്തിയെന്നതാണ് പ്രധാന പരാതി.