മിസോറമിലെ ജീവിതം.. "കവി"യായി മാറി ശ്രീധരന്‍ പിളള!!

കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കവിത എഴുതി മലയാളിയെ ഞെട്ടിച്ചിട്ടുളള നേതാവ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആണ്. 

Last Updated : Dec 2, 2019, 06:38 PM IST
  • മിസോറമിലെ ജീവിതം അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന "കവി"യെ ഉണര്‍ത്തിയെന്നുവേണം പറയാന്‍. മിസോറാമിനെ കുറിച്ചാണ് ശ്രീധരന്‍ പിളളയുടെ കവിത.
മിസോറമിലെ ജീവിതം.. "കവി"യായി മാറി ശ്രീധരന്‍ പിളള!!

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കവിത എഴുതി മലയാളിയെ ഞെട്ടിച്ചിട്ടുളള നേതാവ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആണ്. 

മന്ത്രി സുധാകരന്‍റെ 'പൂച്ചേ പൂച്ചേ' എന്ന കവിതയും ബിന്‍ ലാദനെ കുറിച്ചെഴുതിയ 'ലാദന്‍ ബിന്‍ലാദന്‍, ഭീരുവാണിയൊരൊബാമയെന്നോര്‍ക്കുക' എന്ന കവിതയുമെല്ലാം ട്രോളുകള്‍ക്കിരയാവുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ മന്ത്രി സുധാകരനെ കടത്തിവെട്ടുന്ന കവിതയുമായി എത്തിയിരിക്കുകയാണ് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള.

മിസോറമിലെ ജീവിതം അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന "കവി"യെ ഉണര്‍ത്തിയെന്നുവേണം പറയാന്‍. മിസോറാമിനെ കുറിച്ചാണ് ശ്രീധരന്‍ പിളളയുടെ കവിത.

മിസോറാം പ്രിയ മിസോറാം എന്നാണ് കവിതയുടെ പേര്. മിസോറാമിന്‍റെ പ്രകൃതി ഭംഗിയേയും ഗ്രാമീണ വിശുദ്ധിയേയും വര്‍ണിക്കുന്നതാണ് കവിത. പ്രിയപ്പെട്ടവരൊന്നും തന്നെ കൂടെ ഇല്ലെന്നും എന്നാലും തന്നെ മിസോറാമില്‍ നിന്നും അകറ്റരുതെന്നും "കവി" പറയുന്നു. കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതായത്, കേരള രാഷ്ട്രീയത്തിലെ കവികള്‍ക്ക് പുതിയൊരു എതിരാളി കൂടി ഉണ്ടായിരിക്കുകയാണ്. 

കവിതയുടെ പൂര്‍ണരൂപം വായിക്കാം:-
ഓ മിസോറാം
നീയെത്ര സുന്ദരി!
തപ്തമെന്‍ ഹൃദയത്തില്‍
നീറുവതെന്തെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍ തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണ വിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്ക് നോക്കാതെങ്ങനെ?
വടക്കുകിഴക്കന്‍ സ്‌നിഗ്ധ സൗന്ദര്യമേ
അടുത്തേക്കടുത്തേക്കു വന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകററരുതെന്നെയീ
സൗന്ദര്യ സാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ 

Trending News