സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

Last Updated : Jun 15, 2016, 03:44 PM IST
സംസ്ഥാനത്ത്  ജൂണ്‍ 17 മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് ഈ മാസം പതിനേഴ് മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റ് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.രണ്ട് ദിവസമായി സംസ്ഥാനത്ത് കാലവര്‍ഷം മന്ദഗതിയിലാണ്. കാലവര്‍ഷം തുടങ്ങി. ഇടയ്ക്ക് മഴ കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

വെള്ളിയാഴ്ചയോടെ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടലില്‍ പടിഞ്ഞാറന്‍ കാറ്റ് നിലവിലെ സ്ഥിതി തുടരും. രണ്ട് ദിവസമായി മഴ കുറവുണ്ടെങ്കിലും മഴക്കാല ദുരിതങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് ഇതിനകം 500 വീടുകള്‍ ഭാഗീകമായും എണ്‍പത് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 34 എണ്ണം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരദേശമേഖലകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേനല്‍ മഴ ഗണ്യമായി കുറഞ്ഞ സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.

Trending News