തിരുവനന്തപുരം: വിതുര മരുക്കുംകാലയില്‍ ചരിഞ്ഞ കുട്ടിയാനക്ക് രണ്ടുദിവസമായി കാവല്‍ നിന്ന് അമ്മയാന. മുഖം കൊണ്ട് ഉരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന കുട്ടിയാനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. വനം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയാനയുടെ ജഡം നീക്കം ചെയ്യാന്‍ ഇന്നലെ രാത്രി വൈകിയും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ശനിയാഴ്ച രാത്രിയോടെയാണ് പാലോട് വനം റേഞ്ചിലെ കല്ലാര്‍ സെക്ഷനില്‍ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയില്‍ കുട്ടിയനായുടെ ജഡം ആദിവാസികള്‍ കണ്ടത്. ജനവാസ മേഖലയിലേക്കു രാത്രി ആനകള്‍ ഇറങ്ങാതിരിക്കാന്‍ തീ കൂട്ടിയിട്ടു കത്തിക്കുന്ന പതിവുണ്ട്. ഇതിനായി പോയ ആദിവാസികളാണ് ആദ്യം കുട്ടിയാനയുടെ ജഡവും സമീപത്തായി അമ്മയാനയെയും കണ്ടത്.
ഇതിനുസമീപത്തായി നിരവധി കാട്ടാനകളും തമ്പടിച്ചിരിക്കുന്നതു കണ്ടതോടെ പരിഭ്രാന്തിയിലായ ഊരുവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. രാത്രി തന്നെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും അമ്മയാന അക്രമ സ്വഭാവം കാണിച്ചതോടെ കുട്ടിയാനയുടെ ജഡം നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ പാലോട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും അമ്മയാന കൂടുതല്‍ അക്രമ സ്വഭാവം കാണിച്ചു ചീറി പാഞ്ഞടുത്തതോടെ ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയാനയുടെ ജഡം കിടക്കുന്ന പ്രദേശത്തേക്ക് അടുക്കാന്‍ പോലും ആയില്ല. ഇതിനിടെ തുമ്പിക്കൈ കൊണ്ടു പതിയെ തട്ടിത്തട്ടി കുട്ടിയാനയുടെ ജഡം ഒരു കിലോമീറ്ററോളം ഉള്‍ക്കാട്ടിലേക്കു കൊണ്ടു പോകുകയും ചെയ്തു. ഇതോടെ ചരിഞ്ഞ കുട്ടിയാനയുടെ പ്രായമോ പിടി ആണോ കൊമ്പന്‍ ആണോ എന്നതുപോലും അധികൃതര്‍ക്ക് വ്യക്തമല്ല.
കുട്ടിയാനയുടെ ജഡം അഴുകി തുടങ്ങുന്നതോടെ അമ്മയാന ചിലപ്പോള്‍ കാട്ടിലേക്ക് മടങ്ങുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. സാധാരണ കുട്ടിയാന ചരിഞ്ഞാല്‍ 3 ദിവസം വരെ അമ്മയാന അടുത്ത് തുടര്‍ന്നേക്കാമെന്നാണ് വനും ഉദ്യോഗസ്ഥര്‍ പറയുന്നത്. എങ്കില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ സഹകരണത്തോടെ ജഡം എടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും. ആര്‍ആര്‍ടി അംഗങ്ങളെ കൂടാതെ 4 വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ടെന്നു പാലോട് വനം റേഞ്ച് ഓഫിസര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...