കൊച്ചി: ചോറ്റാനിക്കര അമ്പാടിമലയില്‍ നാലു വയസ്സുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുടെ കാമുകനുമായ രഞ്ജിത്തിന് വധശിക്ഷ.
പെണ്‍കുട്ടിയുടെ അമ്മ റാണി, രഞ്ജിത്തിന്‍റെ സുഹൃത്തായ തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന്‍ പേര്‍ക്കും പിഴയും വിധിച്ചിട്ടുണ്ട്.
അമ്പാടിമലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന റാണിയുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ടത്. രഞ്ജിത്തുമായുള്ള റാണിയുടെ രഹസ്യബന്ധത്തിന് കുട്ടി തടസ്സമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റാണി ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.
മകളെ കാണാനില്ലെന്നുള്ള റാണിയുടെ പരാതിയില്‍ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രഞ്ജിത്തും ബേസിലും കുട്ടിയെ ലൈംഗികപീഡനത്തിനും ക്രൂര മര്‍ദനങ്ങള്‍ക്കും ശേഷം കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.