തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം (Low pressure) രൂപപ്പെട്ടു. മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്താണ് (Karnataka coastal area) പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുലാവർഷ സീസണിൽ (47 ദിവസം) രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ ഇത് കേരളത്തിന് കൂടുതൽ ഭീഷണിയാകില്ലെന്നാണ് കരുതപ്പെടുന്നത്.
വടക്ക് ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള - ലക്ഷദ്വീപ് തീരത്ത് നവംബർ 16 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 17 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: Kerala Heavy Rain: കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിപ്പില്ല. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ജലനിരപ്പ് 140.50 അടിയായി തുടരുന്നു. ഇടുക്കിയിൽ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്.
ശക്തമായ മഴയുടെയും വെള്ളക്കെട്ടിന്റേയും പശ്ചാത്തലത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. എംജി, കേരള സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...