തിരുവനന്തപുരം: ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ പാളിച്ചകളും സംഭവിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ഒരു നിരീക്ഷകനെകൂടി നിയോഗിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്നു യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പരാതിപ്പെട്ടതായ വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ പ്രചാരണത്തില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എഐസിസി നിരീക്ഷകരുണ്ട്. തിരുവനന്തപുരത്ത് കൂടുതല്‍ ശ്രമിക്കാനായാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചത്. പ്രചാരണം സംബന്ധിച്ച് തരൂര്‍ ഒരു പരാതിയും പാര്‍ട്ടിക്കു നല്‍കിയിട്ടില്ല; വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നു കെപിസിസി അവലോകന യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. തരൂര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണു സൂചന.
തിരുവനന്തപുരത്തു മാത്രമല്ല പാലക്കാട്ടും പ്രചാരണം പാളിയെന്ന പരാതി കെ.പി.സി.സി.ക്കും എ.ഐ.സി.സി.ക്കും ലഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന് സ്വന്തംനിലയില്‍ പ്രചാരണം നടത്തുന്നെന്നാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിപ്പെടുന്നത്. ഈ വിഷയവും യോഗം പരിശോധിക്കുമെന്നാണ് സൂചന.