തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി... ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍....
ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തെ പോലും ഇപ്പോഴും വേട്ടയാടുന്ന പഞ്ചായത്തിന്റെ നടപടിയും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഉറപ്പുകളും അദ്ദേഹം എടുത്തുകാട്ടുന്നു. ഒപ്പം പ്രവാസികളുടെ പുനരധിവാസത്തിന് ഡ്രീം കേരള പദ്ധതി പ്രഖ്യാപിച്ച നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം: -
തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതര്‍ഹമാണ്. പ്രഖ്യാപനം നടക്കുമ്ബോഴാണ് കൊല്ലം പുനലൂര്‍ വിളക്കുടി പഞ്ചായത്തിലെ പ്രവാസി സുഗതന്റെ മക്കളുടെ നിലവിളി ഉയര്‍ന്നത്. സുഗതന്‍ രണ്ടുവര്‍ഷം മുമ്ബ് താന്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്നാണ് ഈ പ്രവാസിക്ക് ജീവനൊടുക്കേണ്ടി വന്നത്.
ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെടുകയും മുഖ്യന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതുമാണ്. തുടര്‍ന്ന് സുഗതന്റെ മക്കള്‍ 8 ലക്ഷം രൂപ കൂടി മുടക്കി അച്ഛന്റെ പേരില്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് രണ്ടു വര്‍ഷമായിട്ടും ലൈസന്‍സ് നല്കിയില്ല. എങ്കിലും വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തനം തുടര്‍ന്നു.
അപ്പോഴാണ് കഴിഞ്ഞ ദിവസം ഇടിത്തീ പോലെ വര്‍ക്ക്‌ഷോപ്പ് പൊളിച്ചുമാറ്റാന്‍ പഞ്ചായത്തിന്റെ മുന്നറിയിപ്പുവന്നത്. 20,000 രൂപ നികുതി കുടിശിക അടച്ച് വര്‍ക്ക് ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കണം എന്നായിരുന്നു അന്ത്യശാസനം. സിപിഐ ഭരിക്കുന്ന പഞ്ചായത്താണ്. അച്ഛനോടുള്ള പക മക്കളിലേക്കും നീളുന്നു. നീണ്ട ലോക്ക്ഡൗണിനുശേഷം വര്‍ക്ക് ഷോപ്പില്‍ അത്യാവശ്യം പണികള്‍ കിട്ടിത്തുടങ്ങിയപ്പോഴാണ് പഞ്ചായത്തിന്റെ അടുത്ത പണി കിട്ടിയത്. ‘ലൈസന്‍സ് കിട്ടുമെന്നു കരുതി കടംവാങ്ങിച്ചുവരെ വര്‍ക്ക് ഷോപ്പില്‍ നിക്ഷേപിച്ചു. ഇപ്പോള്‍ വലിയ തുക കടമുണ്ട്. എന്റെ വിസയും കാന്‍സലായി. മസക്റ്റിലെ വര്‍ക്ക്‌ഷോപ്പും പോയി. അച്ഛനെപ്പോലെ ആത്മഹത്യ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള വഴി’ മകന്‍ സുജിത് പറയുന്നു.
സംഭവം വിവാദമായതോടെ പഞ്ചായത്ത് നിലപാട് മയപ്പെടുത്തി. അത്രയും നന്ന്. നേരത്തെ ഈ കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ഉജ്വല സീകരണവും പാര്‍ട്ടി നല്കിയിരുന്നു. കണ്ണൂരിലൊക്കെ കൊലക്കേസ് പ്രതികള്‍ക്ക് ഇത്തരം സ്വീകരണം നല്കുന്നതിനെക്കുറിച്ച് മുമ്ബ് കേട്ടിട്ടുണ്ട്. 2018 ഫെബ്രുവരിയിലായിരുന്നു 64 കാരനായ സുഗതന്റെ ആത്മഹത്യ. സുദീര്‍ഘമായ പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. പ്രവാസികള്‍ ഇപ്പോള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുകയാണ്. ജോലിയും കൂലിയും നഷ്ടപ്പെട്ടവരാണവര്‍. അവരെ പുനരധിവസിപ്പിക്കേണ്ട കാലമാണ്.ഇനിയുമൊരു സുഗതന്‍ ഉണ്ടാകാതിരിക്കട്ടെ. സുജിതിന്റെ കണ്ണീര്‍ പൊഴിയാതിരിക്കട്ടെ.