ഉത്രാടപ്പൂവിളിയില്‍ കേരളമുണരുകയായ്... ഇന്ന് ഉത്രാടപ്പാച്ചില്‍

Last Updated : Sep 4, 2017, 02:04 PM IST
ഉത്രാടപ്പൂവിളിയില്‍ കേരളമുണരുകയായ്... ഇന്ന് ഉത്രാടപ്പാച്ചില്‍

തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും. ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്ന് ഉത്രാടപ്പാച്ചില്‍. 

ഞായറാഴ്ചകൂടി ആയതിനാല്‍ വന്‍ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്സ് കടകളിലുമാണ് തിരക്ക് കൂടുതല്‍ കാണുന്നത്. 

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കായി ഹോര്‍ട്ടികോര്‍പ്പിന്‍റെ ഓണച്ചന്തകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയും തിരക്കുകള്‍ ഏറുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇരുന്നൂറിലേറെ ഓണചന്തകളാണ് ഹോര്‍ട്ടികോര്‍പ്പ് ഒരുക്കിയിരിക്കുന്നത്. ഉപ്പേരി, ശര്‍ക്കര വരട്ടി, വാഴയില എന്നിവയ്ക്കും നല്ല ആവശ്യക്കാരാണുള്ളത്. 

സര്‍ക്കാര്‍ മേളകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹോട്ടലുകളില്‍ റെഡിമെയ്ഡ് സദ്യയും പായസമേളകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെയും തിരക്കിന് യാതൊരു കുറവുമില്ല. 

സാഹചര്യങ്ങള്‍ ഏറെ മാറിയെങ്കിലും മലയാളിയുടെ ഗൃഹാതുരമായ ഓണത്തിനും ഓണാഘോഷത്തിനും അല്‍പംപോലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല. നാളെ തിരുവോണത്തിനായി നമുക്ക് കാത്തിരിക്കാം.

ഏവര്‍ക്കും സീ ന്യൂസ്‌ ടീമിന്‍റെ ഓണാശംസകള്‍

Trending News