തിരുവനന്തപുരം: കേരളാ പൊലീസിനെ ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പൊലീസ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും സേനയെ തീരെ വിശ്വാസമില്ലെന്നാണ് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് തനിച്ചു പോകുന്നതുപോലും പേടിയാണെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. ഒറ്റയ്ക്ക് മക്കളെ സ്റ്റേഷനുകളിലേക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ലെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് എന്‍ജിഒ സംഘടനകളായ കോമണ്‍ കോസും, സിഎസ്ഡിഎസും ചേര്‍ന്ന്‍ നടത്തിയ സര്‍വ്വേയിലാണ് പൊലീസിന്‍റെ കാര്യക്ഷമതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‍. പ്രവര്‍ത്തനക്ഷമതയില്‍ കേരളാ പൊലീസ് ഒന്നാമാതെത്തിയെങ്കിലും ജനകീയ വിശ്വാസത്തില്‍ ഏഴാം സ്ഥാനമാണ് ലഭിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ പൊലീസില്‍ രാഷ്ട്രീയ ഇടപെടല്‍ കൂടുതലാണെന്നും കേരളത്തില്‍ താരതമ്യേന സ്വതന്ത്ര പ്രവര്‍ത്തനമാണ് കാണുന്നതെന്നും സര്‍വ്വേ കണ്ടെത്തി. പൊലീസിനെ അത്ര പേടിയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം നാലാമതാണ്.