പിജെ ജോസഫിന് താത്കാലിക ചെയര്‍മാന്‍ പദവി നല്‍കി കേരള കോൺ​ഗ്രസ്

കെ.എം. മാണിയുടെ നിര്യാണത്തോടെ തലവനെ നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് താത്കാലിക ചെയര്‍മാന്‍ പദവിയിലേയ്ക്ക്  പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുംവരെ ജോസഫ് പദവിയില്‍ തുടരും. 

Last Updated : May 13, 2019, 05:47 PM IST
പിജെ ജോസഫിന് താത്കാലിക ചെയര്‍മാന്‍ പദവി നല്‍കി കേരള കോൺ​ഗ്രസ്

കോട്ടയം: കെ.എം. മാണിയുടെ നിര്യാണത്തോടെ തലവനെ നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് താത്കാലിക ചെയര്‍മാന്‍ പദവിയിലേയ്ക്ക്  പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുംവരെ ജോസഫ് പദവിയില്‍ തുടരും. 

പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം അറിയിച്ചു.

സിഎഫ് തോമസ് ചെയര്‍മാനാകുന്നതിനെ സ്വാഗതം ചെയ്യുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. 

എന്നാല്‍ പാര്‍ട്ടിയ്ക്ക് പുതിയ ചെയര്‍മാന്‍ ഉടനുണ്ടാകുമെന്നും, പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. 
അതേസമയം, പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്ന്‍ വിവിധ ജില്ലകളിലെ കേരളാ കോൺഗ്രസ് പാർട്ടി പ്രസിഡന്‍റുമാർ ആവശ്യമുന്നയിച്ചിരിക്കുകയാണ്. 

കെഎം മാണിക്ക് പകരം പിജെ ജോസഫ് പാർട്ടി ചെയർമാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവർത്തകർക്ക് ഉണ്ട്. എന്നാൽ പിജെ ജോസഫിന്‍റെ കയ്യിലേക്ക് പാർട്ടിയുടെ താക്കോൽ സ്ഥാനം വച്ചുകൊടുക്കുന്നതിൽ ജോസ് കെ മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്. 
പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും പി.ജെ ജോസഫിനെ പൂർണമായും ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് മാണി വിഭാഗം  പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെടുന്നത്.

അതേസമയം, കെഎം മാണിയുടെ മരണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടുണ്ടും പുതിയ പാര്‍ട്ടി ചെയര്‍മാനെ പ്രഖ്യാപിക്കാത്തതും പാര്‍ട്ടി സ്വന്തം നിലയില്‍ അനുസ്മരണ സമ്മേളനം വിളിച്ചു കൂട്ടാഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു.  ഈ സാഹചര്യത്തിലാണ് താല്‍കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിശ്ചയിച്ചത്. 

പാര്‍‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് അടുത്തുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കും. മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞാണ് അനുസ്മരണ സമ്മേളനം നടത്തുന്നതെന്നും ജോയ് എബ്രഹാം പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.  

 

 

Trending News