തിരുവല്ല: മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (PM-Modi). മെത്രാപ്പൊലീത്ത ദരിദ്രർക്കും അശരണർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴ്‌ന്നവരുടെയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി (PM-Modi) ട്വീറ്റ് ചെയ്തു.
കഴിഞ്ഞ പതിമൂന്ന് വർഷമായി ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയാണ് മാർത്തോമ്മാ സഭയെ നയിച്ചത്. ജീവകാരുണ്യ മേഖലയിലും പ്രാർത്ഥനാ ജീവിതത്തിലും സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ഒരുപോലെ ശ്രദ്ധയൂന്നിയ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സഭാ നേതാക്കളിൽ മുഖ്യനായിരുന്നു.
His Grace the Most Rev. Dr. Joseph Mar Thoma Metropolitan was a remarkable personality who served humanity and worked hard to improve the lives the poor and downtrodden. He was blessed with abundance of empathy and humility. His noble ideals will always be remembered. RIP.
— Narendra Modi (@narendramodi) October 18, 2020
പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. ലാത്തൂർ, ഗുജറാത്ത് ഭൂകമ്പങ്ങളിൽ ദുരിതം അനുഭവിച്ചവർക്കും പശ്ചിമബംഗാളിലും ഒറീസയിലും വെളളപ്പൊക്ക കെടുതികളിൽ കഷ്ടപ്പെട്ടവർക്കും ഒരു താങ്ങായി അദ്ദേഹം എത്തിയിരുന്നു. സുനാമി ദുരിതത്തിൽ അകപ്പെട്ടവരേയും അദ്ദേഹം സഹായിച്ചിരുന്നു.
ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾക്കായും മെത്രാപ്പോലീത്ത ശബ്ദമുയർത്തി. അവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചത് കേരളത്തിലെ സഭകളുടെ ചരിത്രത്തിലെ തിളക്കമുളള അധ്യായമായി.