തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ദുർബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് ന്യൂനമർദം കരതൊട്ടതോടെ മഴ കുറഞ്ഞു. ന്യൂനമർദത്തിന്റെ ഫലമായി തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കൻ തീരങ്ങളിലും ശക്തമായ മഴയാണ് (Heavy rain) ഉണ്ടായിരുന്നത്.
Depression over north coastal Tamil Nadu has weakened into a Well Marked Low Pressure Area: India Meteorological Department (IMD)
— ANI (@ANI) November 12, 2021
മഴ ശമിച്ചെങ്കിലും ചെന്നൈയിലും തീദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ച് വരികയാണ്. കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്. വരും ദിവസങ്ങളിൽ ചെന്നൈയിൽ സാധാരണ മൺസൂൺ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് ജില്ലകളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി ആയിരം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...