തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ കനത്ത ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ അതിതീവ്രമഴ പെയ്യുന്നത് 70 വർഷത്തിനിടെ കൂടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളത്തിലാണ് അതിതീവ്ര മഴ പെയ്യുന്നത് വർധിച്ചത്. അതിതീവ്രമഴ കൂടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മഴയുടെ മൊത്തം അളവു കുറയുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ വരൾച്ച- വെള്ളപ്പൊക്ക സാധ്യതകൾ വർധിക്കുകയാണ്.
കടലിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31.08.2022 ബുധനാഴ്ച) കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ വ്യക്തമാക്കി. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ:
1) മഴക്കാറുള്ളപ്പോഴോ ഇടിമിന്നൽ ഉള്ളപ്പോഴോ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
2) ഇടിമിന്നൽ ഉള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
3) ജനലും വാതിലും അടച്ചിടുക.
4) ലോഹ വസ്തുക്കളിൽ സ്പർശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകരുത്.
5) വീടിന് പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
6) യാത്ര ചെയ്യുകയാണെങ്കിൽ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
7) ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
8) ഇടിമിന്നൽ സമയത്ത് പട്ടം പറത്താൻ പാടില്ല.
9) തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
10) ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
11) ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...