ഇന്ധന നികുതി കുറയ്ക്കാതെ പറ്റിക്കൽ; നികുതി കൂട്ടിയില്ലെന്ന പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയിൽ വീഴരുത്

നികുതി കൂട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും .രണ്ട് പേരും കണ്ണുപൊത്തി കളിക്കുമ്പോൾ പറ്റിക്കപ്പെടുന്നത് എണ്ണയടിച്ച് നടുവൊടിയുന്ന ജനങ്ങളാണ് (fuel price hike)

Written by - മഞ്ജുഷ് ഗോപാൽ | Edited by - M Arun | Last Updated : May 3, 2022, 03:15 PM IST
  • കേന്ദ്ര നികുതി അനുസരിച്ച് കുറഞ്ഞ തുകയുടെ 30.8 ശതമാനം പെട്രോളിനും 22.76 ശതമാനം ഡീസലിനും വിൽപ്പനനികുതിയിനത്തിലും കുറഞ്ഞു
  • രണ്ടുകൂട്ടരും നികുതിയുടെ പേരിൽ കണക്കിലെ കളികൾ ആയുധമാക്കുന്നത് നിർത്തണം
  • എണ്ണ കമ്പനികൾ സ്വന്തം നിലയ്ക്കാണെന്ന കേന്ദ്ര വാദവും ഇനി നിലനിൽക്കില്ല
ഇന്ധന നികുതി കുറയ്ക്കാതെ പറ്റിക്കൽ; നികുതി കൂട്ടിയില്ലെന്ന പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയിൽ വീഴരുത്

തിരുവനന്തപുരം: പെട്രോൾ,ഡീസൽ വില കുതിച്ചു കയറുമ്പോൾ ജനത്തിന് ആശ്വാസം നൽകുന്ന തീരുമാനം എടുക്കാതെ പരസ്പരം കുറ്റം പറയുന്നു കേന്ദ്രവും  കേരളവും . സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് .എൽഡിഎഫ് സർക്കാർ    നികുതി കൂട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും .രണ്ട് പേരും കണ്ണുപൊത്തി കളിക്കുമ്പോൾ പറ്റിക്കപ്പെടുന്നത് എണ്ണയടിച്ച് നടുവൊടിയുന്ന ജനങ്ങളാണ് . 

നികുതി ഘടന കൂട്ടിയിട്ടില്ലെന്നന് വീരവാദം മുഴക്കിയാണ്(മാത്രമല്ല കുറച്ചെന്നും !) പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഈ വികല വാദം ഉന്നയിക്കുന്നത്. പെട്രോളിന്റെ യും ഡീസലിന്റെയും കേന്ദ്ര നികുതി ശതമാനക്കണക്കിൽ അല്ല നിശ്ചയിക്കുന്നത് . ഇവയിലെ മറച്ചുവെയ്ക്കാവുന്നതും പെട്ടെന്ന് മനസിലാക്കാൻ പറ്റാത്തതുമായ കണക്കുകൾ ആണ് നികുതിയിൽ വർദ്ധന ഇല്ലെന്ന അവകാശവാദം ഉന്നയിക്കാൻ കാരണം. എന്നാൽ വസ്തുത അങ്ങിനെയല്ല. 

ആരാണ് കള്ളം പറയുന്നത്  

എക്സൈസ് ഡ്യൂട്ടി, പ്രത്യേക എക്സൈസ് ഡ്യൂട്ടി, റോഡ് -അടിസ്ഥാന സൗകര്യ സെസ് , കാർഷിക സെസ്  എന്നിങ്ങനെ  കേന്ദ്രം കുത്തനെ നികുതി കൂട്ടിയതും, അടിസ്ഥാന വിലയും കേന്ദ്രനികുതിയും കൂട്ടിയുള്ള വിലയുടെ മുപ്പത് ശതമാനം കേരളം വിൽപ്പന നികുതിയായി വാങ്ങുന്നതും (പുറമെ കിഫ്ബി സെസും)പൊള്ളുന്ന വിലയ്ക്ക് കാരണമാണെന്ന് എല്ലാവർക്കും അറിയാം .ഈ യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെയാണ് പരസ്പരമുള്ള പഴിചാരൽ . ബാരലിന് എണ്ണവില കുറഞ്ഞാലും കൂടിയാലും  നികുതി കുറയ്ക്കാതെ വില കുറയില്ല എന്നതും കുറ്റം പറയുന്നവർക്കെല്ലാം അറിയാം. പെട്രോളിനെയും ഡീസലിനെയും ജിഎസ്‍ടിയിൽ  കൊണ്ടുവരാത്തതും ഇതുകൊണ്ടുതന്നെ .ജിഎസ്‍ടിയിൽ  കൊണ്ടുവന്നാൽ അടിസ്ഥാന വിലയുടെ പരമാവധി 28 ശതമാനത്തിൽ കൂടുതൽ നികുതി വരില്ല. 

ഇപ്പോൾ പോലും പെട്രോളിന്റേയും ഡീസലിന്റേയും അടിസ്ഥാന വില 60 രൂപക്കടുത്തേ ആയിട്ടുള്ളൂ.അതായത് ജിഎസ്‍ടിയിൽ വന്നാൽ   ഇപ്പോഴത്തെ അടിസ്ഥാന വില അനുസരിച്ച് പരമാവധി 80 രൂപ ആയേക്കാം .പക്ഷേ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നികുതി വിഹിതം കുത്തനെ കുറയും

കേന്ദ്രത്തിനെത്ര  കേരളത്തിനെത്ര 

ഇപ്പോഴത്തെ നികുതി ഘടന അനുസരിച്ച് ഇന്ധനത്തിന്റെ അടിസ്ഥാനവിലയുമായി കേന്ദ്ര നികുതിക്ക് ബന്ധമില്ല.അടിസ്ഥാന വില  കൂടിയാലും  ഇപ്പോഴത്തെ കേന്ദ്ര  നികുതി പെട്രോളിന് 27  രൂപ 98  പൈസയാണ് . പക്ഷെ കേന്ദ്ര  നികുതി 2014 ന് ശേഷം പല തവണയായി  കൂട്ടി.  പിന്നീട് പെട്രോളിന് 5ഉം ഡീസലിന് 10ഉം രൂപ കുറച്ചു,.  പെട്രോളിന്  32 രൂപ 90 പൈസയായിരുന്ന കേന്ദ്രനികുതി 5 രൂപ കുറച്ചത്  വലിയ കാര്യമായി വീരവാദം പറയുമ്പോൾ 2014 ൽ 9 രൂപ മാത്രമായിരുന്നു നികുതി എന്ന കാര്യം സൗകര്യപൂർവ്വം മറച്ചുവെയ്ക്കുന്നു . 

 സംസ്ഥാനമാകട്ടെ കേന്ദ്രം നികുതി കുറയ്ക്കട്ടെ  എന്ന് പറയുമ്പോഴും ആനുപാതികമായി ഇവിടെ നികുതി കൂടുന്നുണ്ടെന്ന സത്യം മറച്ചുപിടിക്കുന്നു . അടിസ്ഥാന വിലക്കൊപ്പം കേന്ദ്രനികുതിയും ചേർത്തുള്ള വിലയുടെ 30.08 ശതമാനമാണ് പെട്രോളിന് നികുതിയായി കേരളം വാങ്ങുന്നത്.ഇത് കൂടാതെ ലിറ്ററിന് 1 രൂപ അധിക വിൽപ്പന നികുതിയും , ഒരു ശതമാനം കിഫ്ബി സെസും.

fuel price

അതായത് നികുതിക്ക് മേൽനികുതി .അപ്പോൾ കേന്ദ്രം നികുതി കൂട്ടുമ്പോഴും,  എണ്ണക്കമ്പനികൾ അടിസ്ഥാന വില കൂട്ടുമ്പോഴും  ആനുപാതികമായി കേരളത്തിലും വിൽപ്പന നികുതി കൂടും . ഇത് മറച്ചുവെച്ചാണ് കേരളം നികുതി കൂട്ടുന്നില്ല എന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് . കേന്ദ്രം പത്ത് രൂപ നികുതിയിനത്തിൽ കൂട്ടിയാൽ 3 രൂപയോളം കേരളത്തിലും ആനുപാതികമായി നികുതി കൂടും .അതായത് ആകെ വിലയിൽ 13 രൂപയുടെ വർദ്ധന. എണ്ണക്കമ്പനികൾ ഒരു രൂപ കൂട്ടിയാൽ കേന്ദ്ര നികുതയിൽ മാറ്റമുണ്ടാകില്ല .എന്നാൽ കേരളത്തിലെ നികുതി 30 പൈസ കൂടും . അല്ലെങ്കിൽ കേരളം മറിച്ച് തീരുമാനമെടുക്കണം . 

ഡീസലിന് കേന്ദ്ര നികുതി 21 രൂപ 83 പൈസയിൽ ഫിക്സ് ചെയ്തിരിക്കുകയാണ് ഇപ്പോൾ . കേരളത്തിലെ വിൽപ്പന നികുതിയാകട്ടെ അടിസ്ഥാന വിലയും കേന്ദ്ര നികുതിയും ചേർന്നുള്ള വിലയുടെ 22.76 ശതമാനവും ഒരു രൂപ അധിക വിൽപ്പന നികുതിയും അതിന് പുറമെ ഒരു ശതമാനം സെസും  

പറ്റിക്കപ്പെടുന്ന ജനങ്ങൾ  

പമ്പിൽ നിന്ന് 115 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ അടിസ്ഥാന വില 56 രൂപ 87 പൈസ മാത്രമാണ് . നേരത്തെ പറഞ്ഞത് പോലെ കേന്ദ്ര നികുതി 27 രൂപ 98 പൈസ. 30.08 ശതമാനം വിൽപ്പന നികുതിയും ഒരു രൂപ അധിക വിൽപ്പന നികുതിയും ഒരു ശതമാനം  കിഫ്ബി സെസും ചേർന്ന് കേരളത്തിന് കിട്ടുന്ന നികുതി 26 രൂപ 78 പൈസയും .അതായത് അടിസ്ഥാന വിലയും കേന്ദ്രനികുതിയും ചേർത്തുള്ള വിലയുടെ 30 ശതമാനത്തോളം കേരളത്തിന് നികുതിയായി കിട്ടുന്നു .യാത്രാ ചെലവും ഡീലർ കമ്മീഷനും കൂടി ചേർന്ന് വില 115 രൂപ ആകും . 

പെട്രോളിന് 115 രൂപയായരുന്ന ദിവസം ഡീസലിന്റെ വിൽപ്പന വില 102 രൂപയായിരുന്നു. ഇതിൽ അടിസ്ഥാന വില 58 രൂപ 50 പൈസ മാത്രം . ബാക്കി നേരത്തെ പറഞ്ഞ 21 രൂപ 83 പൈസ കേന്ദ്ര നികുതി. അടിസ്ഥാന വിലയും കേന്ദ്ര നികുതിയും ചേർന്നുള്ള വിലയുടെ 22.76 ശതമാനവും, ഒരു രൂപ അധിക വിൽപ്പന നികുതിയും, ഒരു ശതമാനം സെസും കൂട്ടി 19 രൂപയിൽ കുറച്ചുകൂടുതൽ കേരളത്തിന്റെ വിലപ്പന നികുതിയും .രണ്ടിടത്തും നികുതിക്കൊള്ളയല്ലാതെ മറ്റെന്താണ് ! 

സംസ്ഥാനങ്ങൾ തോറും വ്യത്യാസം  

സംസ്ഥാനങ്ങൾ തമ്മിലും , ഒരു സംസ്ഥാനത്തിന് അകത്ത് തന്നെ വിവിധ ഭാഗങ്ങളിലും ഇന്ധന വിലയിൽ വ്യത്യാസം വരുന്നത് രണ്ട് കാരണങ്ങളാലാണ് .നികുതിക്ക് പുറത്തുള്ള യാത്രാക്കൂലിയും, നികുതി വ്യത്യാസവും . ഇതിൽ യാത്രാക്കൂലി വ്യത്യാസം വളരെ നേരിയ തോതിലുള്ളതാണ് . വലിയ വ്യത്യാസം വരുന്നത് നികുതിയിലെ ഏറ്റക്കുറച്ചിലാണ് . കേന്ദ്ര നികുതി എല്ലാ സംസ്ഥാനങ്ങളിലും ഒന്നാണ്.

എന്നാൽ സംസ്ഥാന വിൽപ്പന നികുതിയിൽ വ്യത്യാസം വരുന്നു .അതാത് സംസ്ഥാനങ്ങൾ വില പിടിച്ചുനിർത്താൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം .ഏറ്റവും ഒടുവിൽ പെട്ടെന്ന്  ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു .ചില സംസ്ഥാനങ്ങൾ വിൽപ്പന നികുതിയുടെ ശതമാനം കുറച്ചപ്പോൾ മറ്റ് ചിലവ ഒറ്റയടിക്ക് ഒരു ലിറ്ററിന് ഇത്ര രൂപ എന്ന രീതിയിൽ കുറച്ചു.

പഞ്ചാബ് 16 രൂപ ഒറ്റയടിക്ക് കുറച്ചപ്പോൾ‍ കർണാടകം 13 രൂപയുടെ കുറവ് വരുത്തി . എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.lതമിഴ്നാട്ടിൽ വിൽപ്പന നികുതി 22 രൂപ 55 പൈസ ഉള്ള സമയത്ത് കേരളത്തിൽ 26 രൂപ 78 പൈസയാണ് . തമിഴ്നാട്ടിൽ അടിസ്ഥാന വിലയും കേന്ദ്ര നികുതിയും കൂട്ടിയുള്ള വിലയുടെ 13 ശതമാനവും 11 രൂപ 52 പൈസയും ചേർന്നുള്ള തുകയാണ് വിൽപ്പന നികുതി . 

ഉത്തർപ്രദേശിൽ പെട്രോളിന് 19.36 ശതമാനമേ വിൽപ്പന നികുതിയുള്ളൂ. അതിനാൽ കേരളത്തിലേതിനേക്കാൾ 10 രൂപയുടെ കുറവ് ഒരു ലിറ്റർ പെട്രോളിന് യുപിയിലുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ വ്യത്യസ്തമാണ് . 25 ശതമാനം വിൽപ്പന നികുതിയേ ഉള്ളൂവെങ്കിലും 10 രൂപ അധിക നികുതിയായി ഈടാക്കുന്നു .അതിനാൽ മഹാരാഷ്ട്രയിൽ കേരളത്തേക്കാൾ ഇന്ധന വില കൂടുതലാണ് . 

ചില സംസ്ഥാനങ്ങളുടെ വിൽപ്പനനികുതിയിലെ താരതമ്യം ഇങ്ങനെയാണ്  

പെട്രോൾ  

കേരളം    30.08%  വിൽപ്പന നികുതി +ലിറ്ററിന് 1 രൂപ അധിക നികുതി + 1%സെസ് 

കർണാടകം 25.92% വിൽപ്പന നികുതി  

ആന്ധ്ര  31%VAT+4/ലിറ്റർ VAT+1/ലിറ്റർ സെസ്  

ബിഹാർ 23.58 % VAT 

ഗുജറാത്ത് 13.7%VAT+4%സെസ്  

രാജസ്ഥാൻ  31.04%VAT+1.5/ലിറ്റർ സെസ് 

fuel price

 

കേന്ദ്രം കള്ളക്കളി അവസാനിപ്പിക്കണം  

വിൽപ്പന നികുതി കുറയ്ക്കാൻ പറ്റില്ലെന്ന് പറയുന്ന കേരളം ഇതിന് കാരണമായി പറയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ധന നികുതി സംസ്ഥാനങ്ങളുമായി പങ്ക് വെയ്ക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല എന്നതാണ് സത്യം. 

ആദ്യം പറഞ്ഞതുപോലെ കേന്ദ്ര ഇന്ധനനികുതിയിൽ പല ഘടകങ്ങളുണ്ട് .ഇതിൽ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടത് അടിസ്ഥാന എക്സൈസ് ഡ്യൂട്ടി മാത്രമാണ് .ഇതാകട്ടെ വളരെ തുച്ഛവും . നിലവിലെ ഘടന അനുസരിച്ച് പെട്രോൾ ലിറ്ററിന് ഒരു രൂപ 40 പൈസയാണ്   അടിസ്ഥാന എക്സൈസ് ഡ്യൂട്ടി   .ഇതിന്റെ 41 ശതമാനം സംസ്ഥാനവുമായി പങ്കുവെയ്ക്കും .ബാക്കിയെല്ലാം സെസുകളും അഡീഷണൽ എക്സൈസ് ഡ്യൂട്ടിയുമാണ് .ഇവ സംസ്ഥാനത്തിന് കിട്ടുന്നുമില്ല . 

അപ്പോൾ നികുതി പങ്കുവെയ്ക്കുന്നില്ലെന്ന കേരളത്തിന്റെ വാദത്തിന് സാധൂകരണമുണ്ട്. എന്നാൽ നികുതി കൂട്ടിയിട്ടില്ല മറിച്ച് കുറയ്ക്കുന്നുവെന്ന് പറയുന്നത് ജനത്തെ പറ്റിക്കലാണ് കേന്ദ്ര നികുതി 5 രൂപ കുറച്ചപ്പോഴാണ് മറ്റ് സംസ്ഥാനങ്ങൾ വിൽപ്പന നികുതി കുറച്ചത് .അപ്പോൾ കേരള സർക്കാർ പറഞ്ഞത് കേരളത്തിലെ വിൽപ്പന നികുതിയും കുറഞ്ഞെന്നാണ് . പക്ഷേ കേന്ദ്ര നികുതി കുറഞ്ഞതനുസരിച്ച് കുറഞ്ഞ തുകയുടെ   30.8 ശതമാനം പെട്രോളിനും   22.76 ശതമാനം ഡീസലിനും വിൽപ്പനനികുതിയിനത്തിലും    കേരളത്തിൽ കുറഞ്ഞു എന്നല്ലാതെ കേരളം മാത്രമായി നികുതി കുറച്ചിട്ടില്ല.  

രണ്ടുകൂട്ടരും  നികുതിയുടെ പേരിൽ കണക്കിലെ കളികൾ ആയുധമാക്കുന്നത് നിർത്തണം .ഒന്നു കൂടി . വില കൂട്ടുന്നതും കുറയ്ക്കുന്നതും എണ്ണ കമ്പനികൾ സ്വന്തം നിലയ്ക്കാണെന്ന കേന്ദ്ര വാദവും ഇനി നിലനിൽക്കില്ല.അങ്ങിനെയെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അടിസ്ഥാന വില കൂടാത്തത് എന്ത് കൊണ്ട്, ഫലം വന്നതിന് ശേഷം ഇന്ധനത്തിന്റെ അടിസ്ഥാന വില കുതിച്ചുയരുന്നതും എന്തുകൊണ്ട്. കള്ളക്കളി നിർത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News