തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീര്‍ത്ഥക്കുളത്തിന്റെ കല്‍പ്പടവുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ രാജകുടുംബത്തിന്റെ പ്രതിഷേധം. കുളത്തിലിറങ്ങി നിന്നാണ് രാജകുടുംബാംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി അടക്കമുള്ളവർ പ്രതിഷേധത്തില്‍ പങ്കെടുത്തു. നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കല്‍പ്പടവുകള്‍ പൊളിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കുകയോ കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഗൗരി ലക്ഷ്മിബായി അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച സംരക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണു നവീകരണ ചുമതലയുള്ള നിർമിതി കേന്ദ്രം രണ്ടു കൽമണ്ഡപങ്ങൾ പൊളിച്ചു നീക്കിയതെന്നാണ് ആരോപണം.