''മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുത്''

ചലച്ചിത്ര താരം മോഹന്‍ലാലിനെ വിമര്‍ശിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭന ജോര്‍ജ്ജ്.

Last Updated : May 3, 2019, 12:37 PM IST
 ''മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുത്''

ചലച്ചിത്ര താരം മോഹന്‍ലാലിനെ വിമര്‍ശിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭന ജോര്‍ജ്ജ്.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ള മോഹന്‍ലാല്‍ അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന പ്രവര്‍ത്തി ചെയ്യരുതെന്ന് ശോഭന ജോര്‍ജ്ജ് പറഞ്ഞു. 

50 കോടി രൂപ നഷ്ട പരിഹാരം അവശ്യപ്പെട്ട് മോഹന്‍ലാല്‍ നോട്ടീസ് അയച്ച സംഭവത്തെ പ്രതിപാദിച്ചായിരുന്നു വിമര്‍ശനം.

മോഹന്‍ലാല്‍ വെറുമൊരു നടനല്ലെന്നും കേണലും പത്മഭൂഷണ്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ടെന്നും ശോഭന പറഞ്ഞു. 

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെതിരെ ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു.

സ്വകാര്യ സ്ഥാപനത്തിന്‍റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നായിരുന്നു ആരോപണം.

ഈ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഇതിനെ തുടര്‍ന്ന് 

സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭന ജോര്‍ജ്ജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ രംഗത്തെത്തിയത്. 

മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറാകണമെന്നും ലാല്‍ നോട്ടീസില്‍ പറയുന്നു.  ഇതിനു തയാറാകാത്ത പക്ഷം അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടേി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് നോട്ടീസില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നായിരുന്നു ശോഭന ജോര്‍ജ്ജിന്‍റെ മറുപടി. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ലെന്നും ശോഭന വ്യക്തമാക്കിയിരുന്നു.

Trending News