തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ആഘോഷം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. എ. മുഹമ്മദ് റിയാസും ആണ്. 'ഓണം ഒരുമയുടെ ഈണം' എന്നതാണ് ഇത്തവണത്തെ പ്രമേയം. പ്രാദേശിക കലാകാരന്മാര്‍ക്ക് വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും ആണ് ചടങ്ങിലെ മുഖ്യാതിഥികള്‍.
ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കൂടാതെ ചടങ്ങിൽ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം തുടങ്ങിയവയും അരങ്ങേറും. പൂജപ്പുര, തൈക്കാട്, സെന്‍ട്രല്‍ സ്റ്റേഡിയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികള്‍. ഇത്തവണത്തെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി ലേസര്‍ ഷോ പ്രദര്‍ശനവും ഉണ്ട്. ഇത്തവണയും കഴിഞ്ഞ രണ്ടു വർഷമായി സംഘടിപ്പിച്ചു വരുന്ന വെര്‍ച്വല്‍ ഓണപ്പൂക്കളം ഉണ്ട്. കനകക്കുന്നില്‍ വാരാഘോഷ ദിവസങ്ങളില്‍ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും.
കലാപരിപാടികള്‍
കൈരളി ടീവിയുടെ ചിങ്ങ നിലാവ് ആണ് ഉദ്ഘാടന ദിവസത്തെ കലാപരിപാടി. ഇതിൽ പ്രമുഖ ചലച്ചിത്രപിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും അണിനിരക്കും. ഡോ. മല്ലിക സാരാഭായിയുടെ നേതൃത്വത്തില്‍ ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്‌സിന്റെ നൃത്ത്യ പരിപാടി, ടിനി ടോം - കലാഭവന്‍ പ്രജോദ് എന്നിവരുടെ മെഗാ ഷോ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി - പ്രകാശ് ഉള്ളിയേരി എന്നിവരുടെ ഫ്യൂഷന്‍, മനോരമ മെഗാ ഷോ, ഷഹബാസ് അമന്‍ ഗസല്‍ സന്ധ്യ, ഹരിശങ്കര്‍ നേതൃത്വം നല്‍കുന്ന മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഒരാഴ്ചക്കാലം നിശാഗന്ധിയെ ആഘോഷത്തിലാക്കും. മറ്റ് പ്രധാന വേദികളായ പൂജപ്പുര, കഴക്കൂട്ടം എന്നിവിടങ്ങളിലും പ്രമുഖ ഗായകരും സംഗീതജ്ഞരും ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...