തിരുവനന്തപുരം: കേരളത്തിൽ നിരത്തിലിറങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 1 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുടനീളം ഇലക്ട്രിക് ചാർജിങ് സംവിധാനം സ്ഥാപിച്ചതാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൊതുജനങ്ങൾ കൂടുതൽ ആകർഷിക്കപ്പെടുന്നത് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളുട ദീർഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങൾ രംഗപ്രവേശം ചെയ്തത്. നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലോടടുപ്പിച്ചു. ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായി. ഒപ്പം 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 10% ലധികം വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ സാന്ദ്രതയിൽ ഇന്ത്യയിൽ ഡൽഹി കഴിഞ്ഞാൽ രണ്ടാമതാണ് കേരളം. കേരളത്തിൽ ഇപ്പോൾ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഒരു ലക്ഷം തികഞ്ഞതിനോടനുബന്ധിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഗതാഗത മന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തുത്. തിരുവനന്തപുരം വഴുതക്കാട് മോട്ടോർ വാഹന വകുപ്പ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അഡിഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ഐ എ എസ്, മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എം. ആർ. അജിത് കുമാർ ഐപിഎസ്, ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഐ എ എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി ഐഎഫ്എസ്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ ഐ ഒ എഫ് എസ്, മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളിൽ ഒരു ലക്ഷം നമ്പർ വാഹനത്തിന്റെ ഉടമ കൊണ്ടോട്ടിയിലെ കിരൺ കെ. പി. ക്ക് വാഹനത്തിന്റെ രേഖകൾ കൈമാറി. മോട്ടോർ വാഹന വകുപ്പിന്റെയും റോഡ് സേഫ്റ്റി അതോറിറ്റിയുടെയും ഓണാഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചു.
അതേസമയം, ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി വിൽപ്പന നടത്തിയ കേസിൽ അന്വേഷണം ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാൾ തട്ടിപ്പിനിരയായി നിയമപ്രശ്നങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...