കമ്മ്യൂണിറ്റി കിച്ചണിലെ അപര്യാപ്തത വാർത്തയാക്കി; മാധ്യമ പ്രവർത്തകന് ഭീഷണി!

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം കിട്ടാതായ വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ വാർത്തയാക്കിയ  മാധ്യമ പ്രവർത്തകന് ഭീഷണി. 

Last Updated : Apr 10, 2020, 04:54 PM IST
കമ്മ്യൂണിറ്റി കിച്ചണിലെ അപര്യാപ്തത വാർത്തയാക്കി; മാധ്യമ പ്രവർത്തകന് ഭീഷണി!

പെരുങ്കടവിള: കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം കിട്ടാതായ വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ വാർത്തയാക്കിയ  മാധ്യമ പ്രവർത്തകന് ഭീഷണി. 

കമ്യൂണിറ്റി കിച്ചൺ ചുമതലക്കാരനാണ് ഫോണില്‍ വിളിച്ച് മാധ്യമ പ്രവർത്തകൻ  സജി ചന്ദ്രനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ലേഖകൻ വെള്ളറട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ കാരക്കോണം മാച്ചാംകോട് കോളനിക്ക് സമീപം താമസിക്കുന്ന രവി ഭാര്യ ഗിരിജ എന്നീ വൃദ്ധ ദമ്പതികൾക്ക് മൂന്നു ദിവസമായി ഭക്ഷണം ലഭിക്കുന്നില്ല.

ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴും കമ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവർക്ക് ഭക്ഷണം ലഭ്യമാക്കാനാകില്ലെന്നാണ് വാർഡ്മെമ്പറും ഗ്രാമ പഞ്ചായത്ത് അധികൃതരും പറയുന്നത്. 

തളർവാതം പിടിപെട്ട് നടക്കാൻ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഗിരിജ .മാനസിക വെല്ലുവിളിയും നേരിടുന്നുണ്ട്. ഭർത്താവ് രവി വാർദ്ധക്യവും അവശതയും പേറി വർഷങ്ങളായി  കൂലിപ്പണിക്കു പോലും പോകുന്നില്ല. ഏകമകൻ വർഷങ്ങൾക്കു മുൻപ് മരണമടഞ്ഞിരുന്നു.   

ഭവനരഹിതർക്കുള്ള പദ്ധതി പ്രകാരം വയലിലെ തുണ്ടു ഭൂമിയിൽ നിർമ്മിച്ച പണിതീരാത്ത വീടിലാണ് താമസം. കിണർ ഇല്ലാത്തതിനാൽ അടുത്ത വീട്ടിൽ നിന്നും വെള്ളം ചുമന്നാണ് എത്തിക്കുന്നത്. 

സ്കൂൾ തുറന്നിരിക്കുന്ന സമയത്ത് കരക്കോണം യു.പി സ്കൂളിൽ നിന്ന് ലഭിക്കുന്ന  ഭക്ഷണമായിരുന്നു ഇരുവരുടെയും ആശ്രയം. ലോക് ഡൗൺപ്രഖ്യാപിച്ച ശേഷം ഹോട്ടലുകളിൽ നിന്നു പോലും ഭക്ഷണം ലഭ്യമല്ലാതായി. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  നിലവിൽ വന്ന കമ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം മൂന്നു ദിവസം മുൻപു വരെ ലഭിച്ചിരുന്നു.

എന്നാൽ ഇവർക്ക് ഭക്ഷണം ലഭിക്കാത്തത് വാർത്ത നൽകിയതോടെ മാധ്യമ പ്രവർത്തകന് ഭീഷണിയുണ്ടായി. മാധ്യമ പ്രവർത്തകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Trending News