എറണാകുളം: തൃക്കാക്കരയിൽ എൽഡിഎഫ് ഏറെ പ്രതീക്ഷയോടെയാണ് അരുൺകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാനൽ ചർച്ചകളിൽ കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സിപിഎമ്മിലെ യുവ മുഖം. കുന്നത്തുനാട് താലൂക്ക് മഴുവന്നൂർ പഞ്ചായത്തിലെ നെല്ലാട് കരയിൽ കല്ലറയ്ക്കൽ വീട്ടിൽ റിട്ടയേഡ് നേവി ഉദ്യോഗസ്ഥനായ കെപി ശിവശങ്കരൻ നായരുടെയും പി കൃഷ്ണകുമാരിയുടെയും മകനായി 28.05.1980 ലാണ് അരുൺ കുമാറിന്റെ ജനനം. വീട്ടൂർ ഗവൺമെന്റ് എൽപി സ്കൂൾ, വീട്ടൂർ എബനേസർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് 1995-1997 ബാച്ചിൽ പ്രീഡിഗ്രിയും 1997-2000 ബാച്ചിൽ ബി.എ എക്കണോമിക്സ് ബിരുദവും നേടി. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. എഞ്ചിനിയറാകാൻ കൊതിച്ച രജനി എസ് ആനന്ദ് തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിന് മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് യുഡിഎഫ് ഭരണകാലത്ത് വിദ്യാർത്ഥി സമരം നടത്തി ദിവസങ്ങളോളം ജയിൽ വാസമനുഭവിച്ചു. 2000-2003 ബാച്ചിൽ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. 2003 ഡിസംബർ ഇരുപതിന് അഭിഭാഷകനായി എൻട്രോൾ ചെയ്തു. സ്വാതന്ത്രസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും കെ.പി.എസ്.സി ചെയർമാനും പ്രശസ്ത ക്രിമിനൽ അഭിഭാഷകനുമായ അഡ്വ. ജി. ജനാർദ്ദന കുറുപ്പിന്റെ ജൂനിയറായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.
ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. 2018 ൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്. തൃക്കാക്കരയിലെ കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ (സെസ്സ്) ലെ സെസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറിയാണ്. സിന്തയിറ്റ് എംപ്ലോയ്സ് യൂണിയൻ സിഐടിയു, ഫിലിപ്സ് കാർബൺ കമ്പനി എംപ്ലോയ്സ് അസോസിയേഷൻ (സിഐടിയു), ഒഇഎൻ ഇന്ത്യ വർക്കേഴ്സ് യൂണിയൻ (സിഐടിയു), ഐരാപുരം റബർ പാർക്ക് എംപ്ലോയ്സ് യൂണിയൻ (സിഐടിയു) എന്നീ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റാണ്.
നിലവിൽ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാനാണ്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. തൃശൂർ, പുതുക്കാട് മംഗലത്തുമനയിൽ നാരായൺ നമ്പൂതിരിയുടെയും ഉഷാമണി അന്തർജനത്തിന്റെയും മകളും ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറുമായ അഡ്വ. എം.എൻ മായയാണ് ഭാര്യ. എറണാകുളം, എളമക്കര ഗവൺമെന്റ് സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എ.അദ്വൈത്, നാലാം ക്ലാസ്സ് വിദ്യാർത്ഥി എ. ആനന്ദ് എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...