കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും സംസ്ഥാനത്തുടനീളം പ്രകടമാണ്. തൃക്കാക്കരയിൽ വിജയിക്കുക എന്നത് എൽഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. നിലവിലത്തെ സാഹചര്യത്തിൽ ഉമ തോമസിനെക്കാൾ മികച്ച മറ്റൊരു സ്ഥാനാർഥിയില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
പി.ടി.തോമസിന്റെ ശവകൂടീരത്തിൽ നിന്നാണ് ഉമാ തോമസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സഹതാപ തരംഗത്തിന് ഒപ്പം ഭരണവിരുദ്ധ വികാരം കൂടി ഉയർത്തിയുള്ള പ്രചാരണത്തിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ മണ്ഡലത്തിൽ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Also Read: ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും സിൽവർലൈനും; പോസ്റ്റർ പ്രചരണം ആരംഭിച്ച് എൽഡിഎഫ്
എന്നാൽ സഹതാപ തരംഗം ഒരു രീതിയിലും കോൺഗ്രസിന് അനുകൂലമാകാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇടത് ക്യാമ്പ് നടത്തുന്നത്. വികസനമാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്. സിൽവർ ലൈന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത് മുന്നണി പതിച്ച് കഴിഞ്ഞു. സിൽവർലൈൻ പദ്ധതി തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് ഇടത് മുന്നണി കരുതുന്നത്. പദ്ധതിയുടെ നല്ല വശങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം പ്രതിപക്ഷത്തെ വികസന വിരോധികളായി ചിത്രീകരിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.
എന്നാൽ മറുവാദങ്ങളുമായി യുഡിഎഫും എൻഡിഎയും കളം നിറയുന്നതോടെ മണ്ഡലം ഇളകി മറിയും. മറ്റ് എന്തൊക്കെ വിഷയങ്ങൾ ഉണ്ടായാലും സിൽവർ ലൈൻ അവസാനം വരെയും പ്രചാരണ രംഗത്ത് നിറഞ്ഞ് നിൽക്കുമെന്ന കാര്യം ഉറപ്പാണ്.
2008 ൽ തൃക്കാക്കര മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടക്കുന്ന നാലാമത്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മൂന്ന് തിരഞ്ഞടുപ്പുകളിലും തൃക്കാക്കരയുടെ മനസ് യുഡിഎഫിന് ഒപ്പമായിരുന്നു. ബിജെപിക്കും കാര്യമായ സ്വാധീനം മണ്ഡലത്തിലുണ്ട്. എഎപിയും ട്വന്റിട്വന്റിയും ചേർന്നുള്ള സഖ്യവും ഇത്തവണ പുതിയ പരീക്ഷണത്തിന് തയാറെടുക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...