Kochi: തൃശൂര്‍ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പോലീസ് (Kerala Police) കസ്റ്റഡിയില്‍.
ചൊവ്വാഴ്ച രാവിലെയാണ് തൃശൂര്‍ പൂങ്കുന്നത്ത് നിന്ന് പോലീസ് പ്രതിയെ പിടികൂടിയത്. സുഹൃത്ത് മഹേഷാണ് പോലീസ് പിടിയിലായത്.
മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയെ കഴിഞ്ഞ ചൊവാഴ്ച്ചയാണ് ഇയാള്‍ കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് കുത്തിക്കൊല്ലുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാളെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പിടികൂടുന്നത്.
അതേസമയം, കൊലപാതകം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പണമിടപടാണ് കൊലപാതകത്തിന് പിന്നിലെ മുഖ്യ കാരണമെന്ന് പോലീസിന് മുന്‍പേ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍, അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത് മഹേഷ് പോലീസിന്‍റെ പിടിയിലായതിന് ശേഷമാണ്.
മഹേഷ് സോനയില്‍ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതായി സോനയുടെ ബന്ധുക്കള്‍ പറയുന്നു.
മഹേഷ് സോനയില്‍നിന്ന് പലതവണയായി ലക്ഷങ്ങളാണ് കൈക്കലാക്കിയത്. തുടക്കത്തില്‍ ഇന്‍റീരിയര്‍ ഡിസൈനി൦ഗ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്‍റെ നടത്തിപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് സോന വീട്ടുകാരെ കാര്യം ധരിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്. ജോസ്-ഷെര്‍ളി ദമ്പതിതികളുടെ മകളാണ് സോന. കോളജ് പഠനകാലം മുതല്‍ പാവറട്ടി സ്വദേശി മഹേഷും സോനയും സുഹൃത്തുക്കളാണ്. ഇതിനിടെ അങ്കമാലി സ്വേദശിയുമായി സോനയുടെ വിവാഹം കഴിഞ്ഞെങ്കിലും വൈകാതെ പിരിഞ്ഞു. വിദേശത്തായിരുന്ന സോനയെ മഹേഷ് നിര്‍ബന്ധിച്ചാണ് നാട്ടില്‍ കൊണ്ടുവന്ന് കുട്ടനല്ലൂരില്‍ ദാന്താശുപത്രി തുടങ്ങിയത്.
ക്ലിനിക്കിന്‍റെ ഇന്‍റീരിയര്‍ ജോലികള്‍ക്കെന്ന പേരില്‍ ആറര ലക്ഷവും സ്ഥാപനത്തിന്റെ വരുമാനമായ 22 ലക്ഷവും ചിട്ടിയിലൂടെ ലഭിച്ച ഏഴു ലക്ഷവും മഹേഷ് കൈക്കലാക്കി. ഒരുമിച്ചുള്ള താമസവും സാമ്പത്തിക ഇടപാടുകളും വീട്ടുകാരെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ സോന കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചു. സെപ്റ്റംബര്‍ 25ന് വീട്ടുകാര്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി പ്രകാരം ഒല്ലൂര്‍ സി.ഐ 29ന് സോനയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മഹേഷ് എത്തിയില്ല. തുടര്‍ന്ന് ക്ലിനിക്കിലെത്തിയ സോനയോടും പിതാവിനോടും മധ്യസ്ഥചര്‍ച്ചക്ക് തയാറാണെന്ന് മഹേഷ് സുഹൃത്ത് വഴി അറിയിച്ചു.
Also read: Political Murder: CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
ക്ലിനിക്കിലെ ഇന്‍റീരിയര്‍ ജോലികളുടെ വകയില്‍ 20 ലക്ഷം കൂടി കിട്ടിയാലേ വിട്ടുവീഴ്ചക്കുള്ളൂ എന്നായിരുന്നു അവിടെയെത്തിയ മഹേഷിന്റെ നിലപാട്. എന്നാല്‍, കൈക്കലാക്കിയ പണം മുഴുവന്‍ തിരികെ നല്‍കണമെന്നായിരുന്നു സോനയുടെ വീട്ടുകാരുടെ ആവശ്യം.
കേസുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കിയതോടെയാണ് ഈ കൊടും ക്രൂരതയ്ക്ക് മഹേഷ് തുനിഞ്ഞത്.