തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് ക്രൂര മര്‍ദനം

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. 

Last Updated : Feb 5, 2018, 12:57 PM IST
തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് ക്രൂര മര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. 

വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന്‍ ആരോപിച്ചാണ് നാട്ടുകാര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തത്. 
നാഗര്‍കോവിലില്‍ താമസമാക്കിയ തിരുവനന്തപുരം സ്വദേശിയായ ഇവര്‍ രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വീടും വീട്ടുകാരുമില്ലാത്തതിനാല്‍ വലിയതുറ കടപ്പുറത്ത് അലഞ്ഞു തിരിയുകയായിരുന്ന ഇവരെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങിയ നാട്ടുകാര്‍ അതില്‍ ഉണ്ടായിരുന്ന നമ്പറുകളിലേക്ക് വിളിച്ചതായും ചിലര്‍ ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്‌. 

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വലിയതുറ പോലീസ് ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിലാര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
 
ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഇല്ലാത്തതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലയെന്നത് ഇനിയും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
 

Trending News