തിരുവനന്തപുരം: മണ്ഡലകാലത്തിന് ശേഷമുള്ള തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തീര്‍ഥാടനകാലത്തെക്കുറിച്ച് യോഗം വിലയിരുത്തും. നടവരവ് കുറയുന്ന പക്ഷം സര്‍ക്കാര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ എത്രത്തോളം സഹായം വേണ്ടിവരുമെന്ന് യോഗം ചര്‍ച്ച ചെയ്‌തേക്കും.
അതേസമയം, ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കി. തന്ത്രിയുടെ അപേക്ഷ പരിഗണിച്ചാണ് ബോര്‍ഡ് രണ്ടാഴ്ചത്തെ സമയം കൂടി നല്‍കിയത്. ബിന്ദുവും കനകദുര്‍ഗ്ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്തത് വിവാദമായിരുന്നു.
ഇതിനിടെ ശബരിമലയിലെ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ നടത്തിയത്.
പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോർഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാർ പറഞ്ഞു. കാലാവധി തീരും വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്നും എ പത്മകുമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.