'കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു'; യു.എ.ഇ പ്രസിഡന്‍റിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ  വഹിച്ചിരുന്നതെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 13, 2022, 06:15 PM IST
  • യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.
  • കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
  • പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്.
'കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു'; യു.എ.ഇ പ്രസിഡന്‍റിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ  വഹിച്ചിരുന്നതെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ  സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്.  മതനിരപേക്ഷ മനോഭാവം കൊണ്ട്  ശ്രദ്ധേയനായ സായിദ് അല്‍ നഹ്യാന്‍ എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. 

Also Read: യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു

യു.എ.ഇ.യുടെ ആധുനികവല്‍ക്കരണത്തിൽ അദ്ദേഹത്തിന്റെ നിർണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതില്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും ശ്രദ്ധേയമാണ്.  ഊഷ്മളവും സൗഹൃദപൂര്‍ണ്ണവുമായ ബന്ധം ഇന്ത്യൻ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലര്‍ത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗം. അദ്ദേഹത്തിന്റെ  പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി  മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാരിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രതിനിധ്യം നല്‍കിയതും ഖലീഫ പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫയ്ക്കെന്നും സതീശൻ അൻുശോചന സന്ദേശത്തിൽ പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. ആധുനിക യു.എ.ഇ കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു. ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോടും മലയാളികളോടും പ്രത്യേക അടുപ്പമാണ് അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നത്. യു.എ.ഇ എന്ന രാജ്യം ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ഇടം നേടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ്. ലോകത്തിലെമ്പാടു നിന്നും എത്തിയ പ്രവാസി ജനതയെ ഇരുകയ്യും നീട്ടി സ്വീകരിച്ച മഹാനായ ഭരണാധികാരി എന്ന നിലയില്‍ വിശ്വമാനവികതയുടെ പ്രതീകമായി അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലനില്‍ക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

2004 നവംബർ മൂന്ന് മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ചുമതല വഹിച്ചു വരികയായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ. യുഎഇ 1971ൽ രൂപീകരിക്കുമ്പോൾ തന്റെ 26ാം വയസിൽ അദ്ദേഹം ഉപ പ്രധാനമന്ത്രിയായി. പിന്നീട് 1976ൽ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു. 

യുഎഇയുടെ ആദ്യ പ്രസിഡന്‍റും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News