യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ മൂത്രത്തിലെ അണുബാധ പലരെയും അലട്ടുന്ന പ്രശ്നമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. യഥാ സമയം ചികിത്സിച്ചില്ലെങ്കില്‍ കിഡ്‌നിയിലേക്കും മറ്റും വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ, യൂറിനറി ഇൻഫെക്ഷൻ കൃത്യ സമയത്ത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിനൊപ്പം രക്തം കാണപ്പെടുക, ഇടുപ്പ് ഭാഗങ്ങളിൽ വേദന അനുഭവപ്പെടുക എന്നിവയൊക്കെ മൂത്രനാളിയിലെ അണുബാധയെ തുടർന്നുണ്ടാകുന്ന ലക്ഷണങ്ങളാണ്. യൂറിനറി അണുബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം.
മൂത്രത്തിൽ അണുബാധയുണ്ടാകാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ട ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. വെള്ളം കുടിക്കാതിരിക്കുന്നത് യൂറിനറി ഇൻഫെക്ഷനിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്. ശരീരത്തിന് ജലാംശം വളരെ പ്രധാനമാണ്. കൂടാതെ, വെള്ളം കുടിക്കുന്നതിനെ തുടർന്ന് ഇടയ്ക്കിടെ മൂത്രമൊഴിക്കും. ഇത് അണുബാധ ഉണ്ടാക്കുന്നതിന് മുൻപേ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നു.
മൂത്രശങ്ക തോന്നുമ്പോൾ തന്നെ മൂത്രമൊഴിക്കാൻ ശ്രദ്ധിക്കണം. എത്ര നേരം മൂത്രം ഒഴിക്കാതെ പിടിച്ചുവയ്ക്കുന്നോ അത്രയും അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. മൂത്രം പിടിച്ചുനിർത്തുന്നത് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും. യൂറിനറി ഇൻഫെക്ഷനെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കുന്നത് വളരെ പ്രധാനമാണ്. ആർത്തവനാളുകളിലും ശുചിത്വം വളരെ പ്രധാനമാണ്.
ആർത്തവ നാളുകളിൽ പാഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 4-5 മണിക്കൂറിൽ താഴെയേ ഒരു പാഡ് ഉപയോഗിക്കാവൂ. 4-5 മണിക്കൂറിനുള്ളിൽ തന്നെ പാഡ് മാറ്റണം.
സ്വകാര്യ ഭാഗങ്ങളിൽ ബാക്ടീരിയയുടെ വളർച്ച ഒഴിവാക്കാൻ ആർത്തവ ശുചിത്വത്തിലൂടെ സാധിക്കും. പ്രമേഹരോഗികൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വ്യക്തി ശുചിത്വത്തോടൊപ്പം ചികിത്സയും ശ്രദ്ധിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...