തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിൻറെ ഫ്ലാഗ് ഓഫ് ഈ മാസം 25ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക. കന്നി യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല. സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവും വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫും പ്രമാണിച്ച് ട്രെയിൻ സർവീസുകളിൽ മാറ്റം വന്നിട്ടുണ്ട്. ഏപ്രിൽ 23 മുതൽ 25 വരെയാണ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. 23, 24 തീയതികളിൽ മലബാർ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 24, 25 തീയതികളിലെ മലബാർ, ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. കൊച്ചുവേളി - നാഗർകോവിൽ എക്സ്പ്രസ് ഏപ്രിൽ 24,25 തീയതികളിൽ നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും. 24ന് അമൃത എക്സ്പ്രസും കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ 24ന് വൈകുന്നേരം 5 മണിയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. മധ്യപ്രദേശിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുക. തുടർന്ന് 5.30ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ നടക്കും. റോഡ് ഷോയ്ക്ക് ശേഷം 6 മണിയ്ക്ക് തേവര സേക്രഡ് ഹാർട്സ് കോളേജിൽ ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ നടത്തുന്ന 'യുവം' കോൺക്ലേവിൽ പ്രധാനമന്ത്രി പങ്കെടുക്കും. 7.45ന് താജ് മലബാർ ഹോട്ടലിലേയ്ക്ക് മടങ്ങുന്ന അദ്ദേഹം അവിടെ താമസിക്കും.
വന്ദേ ഭാരതിൻറെ ഉദ്ഘാടന ചടങ്ങിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും. റെയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച ശേഷം 12.40ന് അദ്ദേഹം സൂറത്തിലേയ്ക്ക് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...