തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്ണൽ സ്റ്റാഫംഗത്തിൽപെട്ട കെ ആർ അവിഷിത്തിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ അവിഷിത്ത് പങ്കാളിയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഇയാളെ ഒഴിവാക്കിയതെന്ന് കോടിയേരി വ്യക്തമാക്കി. ആക്രമണത്തിൽ അവിഷിത്തിന്റെ പങ്ക് സമ്മതിക്കുന്നതും ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളുന്നതുമാണ് കോടിയേരിയുടെ വാക്കുകൾ. അവിഷിത്ത് ഓഫീസിൽ വരുന്നില്ലെന്ന് കാണിച്ചു നേരത്തേ മന്ത്രിയുടെ കുറിപ്പ് ഉണ്ടായിരുന്നു. എന്നാൽ വയനാട് സംഭവത്തിൽ പങ്കാളിയാണെന്നതിനാലാണ് ശനിയാഴ്ച ഇയാളെ പുറത്താക്കിയതെന്ന് കോടിയേരി വിശദീകരിച്ചു. ഇന്നലെ പത്രസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ
‘‘അവിഷിത്ത് ഓഫീസിൽ വരാതായിട്ട് കുറച്ച് നാളായി. അദ്ദേഹത്തെ ഒഴിവാക്കണം എന്നത് സംബനധിച്ച് ഒരു റിപ്പോർട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ട്. ഇപ്പോൾ വയനാട് ആക്രമണത്തിൽ പങ്കാളിയാണെന്നറിഞ്ഞയുടനെ അയാളെ ആ പോസ്റ്റിൽ നിന്ന് ഒഴിവാക്കി. പങ്കാളിയെന്ന് പറഞ്ഞാൽ, ആക്ഷേപം മാത്രമാണ് വന്നിട്ടുള്ളത്. ആക്ഷേപം വന്ന ശേഷമാണ് ഇയാളെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. സംഭവം വരുന്നതിന് മുൻപ് തന്നെ അയാൾ വേണ്ടത്ര ജോലിക്ക് വരുന്നില്ലെന്ന് മനസ്സിലാക്കിയതിനാൽ മാറ്റിനിർത്താൻ നോട്ട് കൊടുത്തിരുന്നുവെന്നും അത് ഇതുമായി ബന്ധപ്പെട്ടതല്ല,’’ എന്നും കോടിയേരി പറഞ്ഞു.
പേഴ്സണൽ സ്റ്റാഫംഗത്തിൽപെട്ട അവിഷിത്തിനെ പതിവായി ഓഫീസിലെത്താത്തതിനാൽ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു എന്നാണ് മന്ത്രി വീണ ജോർജ് ശനിയാഴ്ച പറഞ്ഞത്. ഓഫിസിൽ എത്തുന്നില്ലെന്ന് കാണിച്ച് 23ന് മന്ത്രിയുടെ ഓഫിസിൽ നിന്നു പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പുറത്താക്കിയ ഉത്തരവിലും പറഞ്ഞിരുന്നു.
Rahul Gandhi's Office Attack: 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; സംഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും വിഡി സതീശൻ
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിഡി സതീശന്റെ വാക്കുകൾ: ഒരു സംഘം സിപിഎം ഓഫീസിന്റെ മുൻപിൽ നിന്നും മുന്നൂറിലധികം വരുന്ന വിദ്യാർഥികൾ, ഈ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിൽ എത്തിച്ച വിദ്യാർഥികളും യുവജനങ്ങഅളുമായുള്ള ആളുകൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ നിന്ന് പ്രകടനവുമായി വരുന്നു. ഓഫീസിൽ വയ്ക്കാനുള്ള വാഴയുമായിട്ട് വരുന്നു. ഒരു സംഘം ഓഫീസിന്റെ മുന്നിലെ ഷട്ടർ തുറക്കുന്നു. മറ്റൊരു സംഘം ആരോഗ്യ സ്ഥാപനങ്ങൾക്ക് പിന്നിലൂടെ നേരത്തെ കണ്ടുവച്ച വഴിയിലൂടെ ജനലിലൂടെ അകത്ത് കയറി. അകത്ത് കയറിയ സംഘം ഓഫീസ് മുഴുവൻ അടിച്ച് തകർക്കുന്നു. ഫയലുകളെടുത്ത് വലിച്ചെറിയുന്നു. ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി പൊട്ടിക്കുന്നു. കസേരയിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും വാഴയും എസ്എഫ്ഐയുടെ കൊടിയും വയ്ക്കുന്നു. ഇവിടെയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിച്ചു. 55 മിനിറ്റോളമാണ് അക്രമം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമാണ് ഈ അക്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...