ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന്‍ വെള്ളാപ്പള്ളി നടേശന്‍

  

Last Updated : May 6, 2018, 01:30 PM IST
ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന്‍ വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പോരിനു മുന്നേയുള്ള ബിജെപി ബിഡിജെഎസ് പോര് തുടരവേ നിലപാടിലുറച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 

ഇത്രയേറെ അവഗണിക്കപ്പെട്ട സ്ഥിതിക്ക് മണ്ഡലത്തില്‍ ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

അതിനിടെ, ബിഡിജെഎസ് എന്‍ഡിഎ വിടുമെന്നത് മലര്‍പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എം.പി പറഞ്ഞു. ബിഡിജെഎസ് ചെങ്ങന്നൂരിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസിനെ ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു. കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മെയ് 12ന് ശേഷം ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം വ്യക്തമാക്കി.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നാണ് നടക്കുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നായിരുന്നു വാര്‍ത്തകള്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിലാണ് ബിഡിജെഎസിന് പ്രതിഷേധം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

Trending News