തിരുവനന്തപുരം: നാളുകളായി നീണ്ടുപോയിരുന്ന വിഴിഞ്ഞം സമരം പിൻവലിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരമാണ് ഒത്തുതീർപ്പായത്. സർക്കാരുമായി സമവായത്തിലെത്തിയെന്ന് സമരസമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം ഒത്തുതീർപ്പായത്. മത്സ്യത്തൊഴിലാളികളുടെ വീടിൻ്റെ വാടക പൂർണമായും സർക്കാർ നൽകും. ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ നഷ്ടപരിഹാരം നൽകും. തീരശോഷണത്തിൽ വിദഗ്ധ സമിതി സമരസമിതിയുമായി ചർച്ച നടത്തും.
മത്സ്യത്തൊഴിലാളികളുടെ വീട്ടുവാടക 8000 രൂപ ആക്കി നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ 5500 മതിയെന്ന് സമരസമിതി അറിയിച്ചു. അദാനി ഫണ്ടിൽ നിന്ന് 2500 തരാമെന്ന വാഗ്ദാനമാണ് വേണ്ടെന്ന് വെച്ചത്. സമവായത്തിലെത്തിയെങ്കിലും സർക്കാർ ഉറപ്പുകളിൽ പൂർണ്ണമായി തൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും സമരസമിതി വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും സമരസമിതി.
അതേസമയം സമരം അവസാനിച്ചതായി സർക്കാർ അറിയിച്ചാൽ ഉടൻ തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ എത്തിച്ചു തുടങ്ങുമെന്നും അവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...