കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ പത്മരാജിന്‍റെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം.
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബല്‍റാമിന്‍റെ വിമര്‍ശനം.
പാനൂർ പാലത്തായിലെ അതീവ ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിന്‍റെ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ടെന്ന് ബല്‍റാം പറഞ്ഞു. കുറ്റകൃത്യം നടന്നു ഒരു മാസം പിന്നിട്ടെട്ടും പ്രതി പോലീസിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതനാണെന്നും ബല്‍റാം പറയുന്നു.
ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
പാനൂർ പാലത്തായിലെ അതീവ ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിൻ്റെ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ട്.
സിപിഎമ്മിൻ്റെ ഒരു പാർട്ടി ഗ്രാമത്തിലാണ്, പാർട്ടി നാട് ഭരിക്കുമ്പോൾ, ബിജെപി നേതാവായ ഒരു കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസിൻ്റെയും അധികാരസ്ഥാനങ്ങളുടേയും ഈ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാൻ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ - ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ല.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍പ്പെട്ട പാലത്തായിയിലാണ് നാലാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്.
ഇയാള്‍ക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും പെണ്‍ക്കുട്ടിയെ ,മാനസികമായി പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പരാതി നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകന്‍ തന്നെയാണ് പ്രതിയെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
കെ.ആർ മീര, കെ.സച്ചിദാനന്ദൻ, ബി.ആർ.പി.ഭാസ്കർ, കെ.അജിത, എം.എൻ.കാരശ്ശേരി, ജെ ദേവിക, ഡോ:ഖദീജ മുംതാസ്, ടി.ടി.ശ്രീകുമാർ, പി.ഗീത, സി.എസ്.ചന്ദ്രിക, സിവിക് ചന്ദ്രൻ, കെ.കെ.രമ, ഡോ:എസ് ഫൈസി, ജബീന ഇര്‍ഷാദ് തുടങ്ങിയ നിരവധി പ്രമുഖരാണ് വിഷയത്തില്‍ പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.