ഗര്‍ഭിണിയായിരുന്ന ആനയോട് കാട്ടിയ ക്രൂരതയില്‍ മലയാളി അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കേണ്ട സാഹചര്യമാണ്.
മനുഷ്യന്‍ സ്ഫോടക വസ്തുനിറച്ച് വെച്ച കൈതചക്ക തിന്നാന്‍ ശ്രമിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ആനയുടെ മേല്ത്താടിയും കീഴ്ത്താടിയും തകര്‍ന്നു.
മുറിവ് പഴുത്ത് പുഴുക്കള്‍ നിറയുകയും വേദന സഹിക്കാന്‍ വയ്യാതെ പാലക്കാട് തിരുവിഴാംകുന്നിലെ വനമേഖലയിലെ വെള്ളിയാറില്‍ വെള്ളത്തില്‍ തുമ്പിക്കൈയും
വായും മുക്കി നിന്ന ആനയെ കരയ്ക്ക് കയറ്റാന്‍ രണ്ട് കുംകി ആനകളുമായി വനം വകുപ്പ് ശ്രമിച്ചെങ്കിലും മെയ് 27 ന് ആന ചരിഞ്ഞു.
ഗര്‍ഭിണിയായിരുന്ന ആ ആനയോട് കാട്ടിയ ക്രൂരതയില്‍ മലയാളി ലോകത്തിന് മുന്നില്‍ തലകുനിക്കുകയാണ്.
പിന്നാലെ വിഷയം മാധ്യമങ്ങളില്‍ ഇടം പിടിക്കുകയായിരുന്നു,സംഭവം ശ്രദ്ധയില്‍പെട്ട പ്രമുഖരും പ്രശസ്തരും ഒക്കെ ശക്തമായി അപലപിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കൊഹ്‌ലി,ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക്കാ ശര്‍മ,മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണി,
രത്തന്‍ ടാറ്റ,ഫുട്ട്ബോള്‍ താരം സുനില്‍ ഛെത്രി,ബാട്മിന്‍റണ്‍ താരം സൈന നെഹ്വാള്‍,മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി അങ്ങനെ സമൂഹത്തിന്‍റെ
നാനാ തുറയിലുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.
സാക്ഷര മലയാളി ക്രൂരതയുടെ പര്യായമാണോ എന്ന് പോലും ചിലര്‍ സംശയം പ്രകടിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യന്‍ സൂപര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് വ്യത്യസ്ത രീതിയിലാണ് പ്രതിഷേധം രേഖപെടുത്തിയത്.
തങ്ങളുടെ അഭിമാനമായി അവര്‍ ജെഴ്സിയില്‍ ആലേഖനം ചെയ്ത ലോഗോയില്‍ നിന്നും ആനയുടെ ചിത്രം ഭാഗീകമായി നീക്കം ചെയ്തു.
ഇങ്ങനെ സിനിമാ ലോകം,കായികലോകം,രാഷ്ട്രീയ ലോകം ഒക്കെ ഈ കൊടും ക്രൂരതയോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
ഇനി ആവര്‍ത്തിക്കരുത് ഇത്തരം ക്രൂരതകള്‍ എന്ന വ്യക്തമായ സന്ദേശമാണ് ഈ പ്രതികരണങ്ങള്‍ മലയാളിക്ക് നല്‍കുന്നത്.