മലപ്പുറം: ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാനകളുടെ ആക്രമണം. പുലർച്ചെ മൂന്ന് മണിയോടെ ഇറങ്ങിയ ആനകളെ ആറ് മണിയോടെയാണ് കാട്ടിലേക്ക് തിരിച്ചയക്കാൻ സാധിച്ചത്. കാട്ടാനകൾ റോഡിലേക്ക് കയറിവരുന്ന സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിരുവാലി പഞ്ചായത്തിലെ നടുവത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ,നിലമ്പൂർ കനോലി പ്ലോട്ട് എന്നിവിടങ്ങളിലാണ് കാട്ടാന ഭീതിവിതച്ചത്. ആനകളെ കണ്ട് ഭയന്നോടിയ കാട്ടുമുണ്ട സ്വദേശി കുന്നുമ്മൽ വടക്കുംപാടം മുസ്തഫയ്ക്ക് വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. നിരവധി വീടുകളുടെ മതിലുകളും ഗൈയ്റ്റുകളും ആന തകർത്തു.
നിലമ്പൂർ ഭാഗത്ത് നിന്നാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്, ആർആർടി, എമർജൻസി റെസ്‌ക്യൂ ഫോഴ്സ് എന്നിവരും നാട്ടുകാരും ചേർന്നാണ് ആനകളെ രാവിലെ ആറ് മണിയോടെ നിലമ്പൂർ കനോലി പ്ലോട്ടിലൂടെ കാട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അരിക്കൊമ്പനെ പിടികൂടാൻ നടപടി തുടങ്ങി; മയക്കുവെടി വിദഗ്ധർ പത്തിന് എത്തും
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനങ്ങൾക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ പ്രാരംഭ നടപടികൾ ആരംഭിച്ചു. അരിക്കൊമ്പന് കൂട് നിർമ്മിക്കുന്നതിനായി മരം മുറിക്കാനുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും.
എന്നാൽ കോടനാട് നിലവിലുള്ള കൂടിന്‍റെ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമായിരിക്കും ഇതിനുള്ള നടപടികൾ തുടങ്ങുക.
അതേസമയം മയക്കുവെടി വെക്കുന്നതിന് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മാർച്ച് പത്തോടെ എത്തിയേക്കുമെന്നാണ് സൂചന. ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പൻ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
അതിനിടെ ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായി. ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് അമ്മിണിയമ്മ ചികിത്സ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയത്. ആക്രമണം നടക്കുമ്പോൾ അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തി വിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...