ഒരു പൂമ്പാറ്റയെ പോലെ മലയാള മനസ്സുകളിലേക്ക് പ്രേമം എന്ന സിനിമ പറന്നെത്തിയിട്ട് ഇന്നേക്ക് 5 വർഷം. ചിത്രത്തിലെ ഓരോ ഷോട്ടും, ഓരോ കാരക്ടറും, ഓരോ സംഭാഷണം പോലും ഇന്നും മലയാളമനസുകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. 4 കോടി രൂപ മുതൽമുടക്കിൽ അണിയിച്ചൊരുക്കിയ ചിത്രം നേടിയത് ഏകദേശം 60 കോടി രൂപയാണ്.
നമ്മൾ ഇതുവരെ കാണാത്ത മേക്കിങ് രീതി തന്നെയാണ് ചിത്രത്തിൻ്റെ വിജയവും. ക്യാമറയായാലും, ഓരോ ഷോട്ടുകളായാലും എല്ലാം ഒരു പുത്തൻ അനുഭൂതി നമ്മളിലേക്ക് എത്തിക്കാൻ സംവിധായകൻ അൽഫോൻസ് പുത്രന് സാധിച്ചു. നിവിൻ പൊളി എന്ന നടൻ്റെയും മലയാളസിനിമയുടെയും ഗതി തന്നെ മാറ്റി മറിച്ച സിനിമയെക്കുറിച്ച് പുതിയൊരു വാർത്ത കൂടി നൽകിയിരിക്കുകയാണ് സംവിധായകൻ. താനും ചിത്രത്തിൻ്റെ നിർമ്മാതാവ് അൻവർ റഷീദും ജോർജ് എന്ന കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് Dulquer Salmanനെയായിരുന്നു, എന്നാൽ തനിക്ക് നിവിനുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് ഒടുവിൽ നിവിനിലേക്ക് തന്നെ ആ വേഷം എത്തിയതെന്ന് അൽഫോൻസ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം ഇറങ്ങിയത് തൊട്ട് ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവിടെ വച്ചാണ് മേരിയെയും, ജോർജിനെയും നമ്മൾ പരിചയപ്പെട്ടത്. ചുരുണ്ടമുടിയും വട്ടമുഖവുമായി എത്തിയ മേരിയെ ആരാധകർ ഒത്തിരി സ്നേഹത്തോടെ ഏറ്റെടുത്തു. തുടർന്ന് പടം തീയേറ്ററിലെത്തി. എന്നാൽ തിയേറ്ററിൽ പ്രേക്ഷകരെ കാത്തിരുന്നത് ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു. അന്ന് വരെ മേരിയെ ആരാധിച്ചിരുന്നവർ പിന്നീട് മലർ, സെലിൻ എന്നിവരുടെ ഫാനുകളായി.
Also Read : ഹൃദയത്തിലെ ബന്ധുവിന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി
മുഖം നിറയെ മുഖക്കുരുവും, നാടൻ സാരിയും ഉടുത്ത് വന്ന മലർ മിസ് നായികാസങ്കൽപ്പങ്ങളെ തന്നെ മാറ്റിയെറിഞ്ഞു. അന്ന് മലർമിസിനെ പ്രേമിക്കാത്തവർ ചുരുക്കമായിരിക്കും. സാരിയുടുത്ത് ക്ലാസ്സെടുക്കുകയും ജീൻസും ഷർട്ടും ഇട്ട് ഡപ്പാങ്കൂത്ത് കളിക്കുകയും ചെയ്ത മലർ മിസ്സ് പലർക്കും അത്ഭുതമായി.
പ്ലസ്ട്ടു പയ്യനായും, കോളേജ് വിദ്യാർഥിയായും ഒടുവിൽ 30 വയസുള്ളയാളായും നമ്മുടെ മുന്നിൽ അഭിനയിച്ചു തകർത്ത നിവിൻ പോളിയെയും ആരാധകർ നെഞ്ചിലേറ്റി. നിവിൻ പൊളി യുഗം ആരംഭിച്ചത് അവിടെവച്ചായിരുന്നു. ഒപ്പം സൗഹൃദത്തിൻ്റെയും, കലാലയ ജീവിതത്തിൻ്റെയും ഓർമ്മകൾ പുതുക്കിയ ചിത്രം വളരെ പെട്ടെന്ന് പ്രേക്ഷക ഹൃദയത്തിലെത്തി. കറുത്ത ഷർട്ടും വെളുത്ത മുണ്ടും കട്ട താടിയും ആയിടയ്ക്ക് വമ്പൻ ട്രെൻഡായി. കേരളത്തിനകത്തും പുറത്തും ചിത്രം ഹിറ്റായി. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ പോലും ചിത്രം ബോളിവുഡിൽ നിർമിക്കാൻ ഓഫറുമായെത്തി. വരുൺ ധവാനെ ഹീറോയാക്കി ചിത്രം നിർമിക്കാനായിരുന്നു പരിപാടി എന്നാൽ അൽഫോൻസ് പുത്രൻ അത് നിരസിച്ചു. ചിത്രത്തിൻ്റെ റൈറ്റ് നൽകിയിട്ടുണ്ടെങ്കിലും ആര് സംവിധാനം ചെയ്യുമെന്ന് ഇതുവരെ തീരുമാനമായില്ല.
ജാവ സിമ്പിൾ ആണ് എന്ന് പറഞ്ഞ് നമ്മെ ചിരിപ്പിച്ച വിനയ് ഫോർട്ടും, സാറെ ഇച്ചിരി മീൻ വറുത്തത് പറയാമോ ഞാൻ ചോദിച്ചാ കളിയാക്കും എന്ന് പറയുന്ന സൗബിൻ്റെ പിടി മാഷെന്ന കഥാപാത്രവും, നെടുനീളൻ മാസ്സ് ഡയലോഗ് പറഞ്ഞ് സ്ഥിരം അച്ഛൻ ക്‌ളീഷേകൾ മാറ്റി മറിച്ച രഞ്ജി പണിക്കരുടെ വേഷവും എല്ലാം ചിത്രത്തെ വേറെലെവെൽ ആക്കി മാറ്റിക്കളഞ്ഞു. കൊഴികളുടെ കൊഴിയായ ഗിരിരാജൻ കോഴിയേയും, ചേട്ടന് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ സെലിനെയും അങ്ങനെ സിനിമയിലെ എല്ലാ കാരക്ടറിനും അതിൻ്റെതായ പ്രാധാന്യം നൽകിയ ഡയറക്ടറുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ.
എന്തിന് കൂടുതൽ പറയണം സ്വന്തം സിനിമയിൽത്തന്നെ ഇത്രയധികം തല്ല് വാങ്ങിക്കൂട്ടിയ സംവിധായകാൻ വേറെയുണ്ടാവില്ല. എന്തൊക്കെയായാലും പ്രേമത്തിൽ പ്രേമവും കൊച്ചു തമാശയും മാത്രമേ ഉണ്ടാവു യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴിക്ക് വരരുത് എന്ന് പറഞ്ഞ്, നാട്ടുകാരെ മൊത്തം തിയേറ്ററിലേക്ക് വരുത്തിച്ച പടത്തിന് ഇന്നേക്ക് 5 വയസ്.