കൊച്ചി: താരസംഘടന 'അമ്മ'യുടെ അധ്യക്ഷനായി മോഹന്‍ലാല്‍ ചുമതലയേറ്റു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്.
ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ഉപാധ്യക്ഷനായി മുകേഷും സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.
ഇന്ന് രാവിലെ പത്തിന് തുടങ്ങിയ സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്താതിരുന്ന സാഹചര്യത്തില്‍ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്.