Sajin Cherukayil: സമൂഹത്തിൽ നിന്നാണ് സിനിമകൾ ഉണ്ടാകുന്നത്; സ്ത്രീപക്ഷ സിനിമകൾ ചർച്ചചെയ്യപ്പെടണം: സജിൻ ചെറുകയിൽ

Sajin Cherukayi about B32 to 44 Movie: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ 2023ൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച സിനിമയാണ് ബി 32 മുതൽ 44 വരെ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത സിനിമയ്ക്ക് ബോഡി പൊളിക്റ്റിക്സ് എന്ന വിഷയത്തെ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചതോടെ ചിത്രം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 

Written by - Ashli Rajan | Last Updated : Jan 3, 2024, 03:54 PM IST
  • സിനിമയിൽ കരുൺ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ചെറുകയിൽ സീ മലയാളം ന്യൂസുമായി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്.
  • നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകളിലൂടെ സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ സിനിമയ്ക്ക് ഒരു ശ്രമം നടത്താൻ സാധിക്കുമെന്നാണ് വിശ്വാസം.
  • കരുൺ പ്രസാദിനെ പോലെ തന്നെയാണോ ഞാൻ എന്നുള്ളത്, ആണെന്നോ അല്ലെന്നോ ഞാൻ തന്നെ പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല എന്നുള്ളതാണ് സത്യം.
Sajin Cherukayil: സമൂഹത്തിൽ നിന്നാണ് സിനിമകൾ ഉണ്ടാകുന്നത്; സ്ത്രീപക്ഷ സിനിമകൾ ചർച്ചചെയ്യപ്പെടണം: സജിൻ ചെറുകയിൽ

അഴകളവുകളിൽ ഒതുങ്ങുന്നതാണോ സ്ത്രീസൗന്ദര്യം..? ആണെന്ന് വിശ്വസിക്കാനാണ് ഇന്നും ഈ സമൂഹത്തിന് താൽപര്യം. മാൻ മിഴിക്കണ്ണ്, മുല്ലമൊട്ടു പോലുള്ള പല്ല്, ആലില വയർ, പനങ്കുല പോലുള്ള മുടി.. കവികളുടേയും കഥാകാരന്മാരുടേയും സങ്കൽപ്പത്തിലുള്ള സ്ത്രീ സൗന്ദര്യം ഇങ്ങനെ പോകുന്നു. "മൈ ബോഡി മൈ റൂൾസ്" എന്നൊക്കെ പറയാമെന്നല്ലാതെ അതൊന്നും അം​ഗീകരിക്കാൻ ഇന്നും പലർക്കും സാധിക്കില്ല. പുരോ​ഗമനം നേടിയെന്ന് അവകാശപ്പെടുന്ന സമൂ​ഹത്തിൽ അടുക്കളയിൽ നിന്നും അരങ്ങിലേക്ക് വരുന്ന സ്ത്രീകൾ പലരീതിയിലാണ് വേട്ടയാടപ്പെടുന്നത്. തന്റെ ഇഷ്ടങ്ങളെ, അഭിപ്രായങ്ങളെ, സ്വപ്നങ്ങളെയെല്ലാം തുറന്നു പറയാനാകാതെ, സമൂഹത്തിന്റെ പരമ്പരാ​ഗത ചട്ടക്കൂടിനുള്ളിൽ ഇന്നും പല സ്ത്രീ ജീവിതങ്ങളും തളച്ചിട്ടിരിക്കുകയാണ്. 

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ 2023ൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച സിനിമയാണ് ബി 32 മുതൽ 44 വരെ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത സിനിമയ്ക്ക് ബോഡി പൊളിക്റ്റിക്സ് എന്ന വിഷയത്തെ വ്യക്തമായി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതോടെ ചിത്രം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോൾ സിനിമയിൽ കരുൺ പ്രസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ചെറുകയിൽ സീ മലയാളം ന്യൂസുമായി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. സ്ത്രീവിരുദ്ധതയും ആണധികാരവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ സമൂഹത്തിൽ വളരെ മോശമായ രീതിയിലാണ് സ്വാധീനിക്കുന്നതെന്നും അത് സിനിമയുടെ മാത്രം പ്രശ്നമല്ല, ഇന്നത്തെ സമൂഹം ആ രീതിയിലാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകളിലൂടെ സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ സിനിമയ്ക്ക് ഒരു ശ്രമം നടത്താൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും, എന്നാൽ ആ ഉത്തരവാദിത്തം പൂർണ്ണമായും സിനിമയിൽ അടിച്ചേൽപ്പിച്ചാൽ അത് സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സജിൻ കൂട്ടിച്ചേർത്തു. 

ALSO READ: ക്യാരക്ടർ അത്ര സീരിയസ് അല്ലെങ്കിലും കണ്ണൂർ സ്ക്വാഡിൽ ഞാൻ കുറച്ച് സീരിയസ് ആയിരുന്നു; സജിൻ ചെറുകയിൽ

കരുൺ പ്രസാദ് തന്നെയോ ജീവിതത്തിലെ സജിൻ..?

കരുൺ പ്രസാദിനെ പോലെ തന്നെയാണോ ഞാൻ എന്നുള്ളത്, ആണെന്നോ അല്ലെന്നോ ഞാൻ തന്നെ പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല എന്നുള്ളതാണ് സത്യം. കാരണം കരുൺ പ്രസാദിനെ പോലെ ഉള്ള ഒരുപാട് ആളുകൾ നമ്മുടെ പൊതുസമൂഹത്തിൽ ഉണ്ട്. ഞാൻ നേരിട്ട് കണ്ടിട്ടുള്ളതും ആണ്. പകൽ വെളിച്ചത്തിൽ സ്ത്രീപക്ഷവാദം പറയുകയും ഏതെങ്കിലും ഒരു അവസരം കിട്ടി കഴിഞ്ഞാൽ അത് മുതലെടുക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളെ എനിക്ക് നേരിട്ടറിയാം. അവരാരും പക്ഷെ ഒരിക്കലും താനൊരു വൃത്തികെട്ടവൻ ആണെന്ന് സമ്മതിച്ചു തരാറില്ല. സ്വയം അടിപൊളിയാണെന്നാണ് പറയാറ്. അതുകൊണ്ട് ഞാൻ കരുൺ പ്രസാദിനെ പോലെ അല്ല എന്നു പറയുന്നതിൽ ഒരു ശരി ഇല്ലായ്മ ഉണ്ട്. കാരണം ഒരു വ്യക്തിയും അത് സമ്മതിച്ചു തരില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ കരുണിനെ പോലെ അല്ലാതെ ജീവിക്കുക, അയാളല്ല ഞാൻ എന്നു തെളിയിക്കുക എന്നുള്ളതാണ് ആഗ്രഹം. മറ്റുള്ളവർ പറയട്ടെ അതേക്കുറിച്ച്.

അത്തരം സിനിമകൾ മോശം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്

സ്ത്രീവിരുദ്ധതയും ആണധികാരവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ സമൂഹത്തിൽ വളരെ മോശമായ രീതിയിൽ തന്നെയാണ് സ്വാധീനിക്കുന്നത്. എന്നാൽ അത് സിനിമയുടെ മാത്രം പ്രശ്നമാണ് എന്ന് പറയാൻ കഴിയില്ല. സമൂഹം അത്തരത്തിൽ ആണ്  ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏത് മേഖല എടുത്തു നോക്കിയാലും അവിടെയെല്ലാം സ്ത്രീവിരുദ്ധതയും ആണധികാരവും എല്ലാം നമുക്ക് വ്യക്തമായി കാണാൻ കഴിയും. ഇതെല്ലാം എത്രത്തോളം ഒരു സിനിമയിലൂടെ മാറ്റിയെടുക്കാൻ കഴിയുമെന്ന് അറിയില്ല. എന്തിരുന്നാലും നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകളിലൂടെ സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ സിനിമയ്ക്ക് ഒരു ശ്രമം നടത്താൻ സാധിക്കുമെന്നാണ് വിശ്വാസം. അതല്ലാതെ ഇത്തരത്തിൽ നെഗറ്റീവായി വരുന്ന സിനിമകൾ തീർച്ചയായും വിമർശിക്കപ്പെടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. സിനിമയോടൊപ്പം തന്നെ സമൂഹത്തിലെ മറ്റു മേഖലകളും സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രവർത്തിച്ചാൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ALSO READ: തനുവിനെ പിടിച്ചു കറക്കി ഷൈൻ..! റൊമാന്റിക്ക് കിങ് എന്ന് ആരാധകർ

എല്ലാ ഉത്തരവാദിത്തവും സിനിമയ്ക്കല്ല..

സ്ത്രീ ലൈംഗികതയെ കുറിച്ചും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും സിനിമയിലൂടെ സംസാരിക്കുന്നത് സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ് എന്നാൽ, ഇത്തരം വിഷയങ്ങൾ തുടർച്ചയായി സിനിമയിൽ പറഞ്ഞു കഴിഞ്ഞാൽ അത് പ്രേക്ഷകരിൽ മടുപ്പുണ്ടാക്കും. അതുകൊണ്ടുതന്നെ എല്ലാ ഉത്തരവാദിത്തവും സിനിമയുടെ തലയിൽ വയ്ക്കുന്നത് ശരിയാവില്ല. സമൂഹത്തെ മാറ്റാനുള്ള ഉത്തരവാദിത്തം പൂർണ്ണമായും സിനിമയ്ക്ക് കൊടുത്തു കഴിഞ്ഞാൽ അത് ആ മേഖലയെ തന്നെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

സമൂഹത്തിൽ നിന്നാണ് സിനിമകൾ രൂപപ്പെടുന്നത്..

സമൂഹത്തെ നന്നാക്കുക എന്ന അത്രയും വലിയ ബാധ്യത സിനിമയുടെ അല്ലെങ്കിൽ മറ്റേതെങ്കിലും ആർട്ട് ഫോമിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. എവിടെ നിന്നെങ്കിലും ഇൻഫർമേഷൻ കിട്ടി സമൂഹം സ്വയം തിരുത്തുക എന്നുള്ളതാണ് കാര്യം. സ്ത്രീവിരുദ്ധത ഇല്ലാത്തൊരു നാട്ടിൽ നിന്നും ഒരിക്കലും സ്ത്രീവിരുദ്ധ സിനിമകൾ ഉണ്ടാകില്ല. സിനിമകളിൽ നിന്നും സമൂഹമല്ല സമൂഹത്തിൽ നിന്ന് സിനിമകളാണ് യഥാർത്ഥത്തിൽ ഉണ്ടാകുന്നത്.

ആണുങ്ങളുടെ പ്രശ്നമെല്ലാം പൊതു പ്രശ്നം...

ഇന്ന് സമൂഹത്തിൽ ആണുങ്ങൾ അനുഭവിക്കുന്നുവെന്ന് പറയുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ അതേ രീതിയിൽ സ്ത്രീകളും അനുഭവിക്കുന്നുണ്ട്. പുരുഷന്മാർ നേരിടുന്നതെല്ലാം ഒരു പൊതു പ്രശ്നമാണ് എന്നാൽ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. സ്ത്രീ ആയതുകൊണ്ട് മാത്രം അനുഭവിക്കുന്ന  ഒരുപാട് പ്രശ്നങ്ങൾ പൊതു സമൂഹത്തിലുണ്ട് എന്നാൽ അവയൊന്നും തന്നെ ചർച്ച ചെയ്യപ്പെടുന്നില്ല. സിനിമ ഉണ്ടായ കാലം മുതൽ ആണുങ്ങളുടെ പ്രശ്നമാണ് ചർച്ച ചെയ്യുന്നത്. ഇപ്പോഴാണ് ചുരുക്കം സിനിമകളിലെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുന്നത്. എന്നാൽ അപ്പോൾ പോലും വലിയ തരത്തിലുള്ള എതിർപ്പുകളാണ് അത്തരം സിനിമകൾ നേരിടേണ്ടി വരുന്നത്.

പോസിറ്റീവ് എനർജി നൽകിയ ലൊക്കേഷൻ.. അവാർഡ് കിട്ടിയതിൽ സന്തോഷം

ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതൽ 44 വരെ. ഞാൻ നന്നായി ആസ്വദിച്ച് അഭിനയിച്ച സിനിമയാണ്.  എനിക് സന്തോഷം തോന്നിയ ഒരു കാര്യം എന്തെന്ന് വെച്ചാൽ ഈ സിനിമയ്ക്ക് പിറകിൽ പ്രവർത്തിച്ചതെല്ലാം സ്ത്രീകളായിരുന്നു എന്നുള്ളതാണ്. അത് തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജി ആയിരുന്നു. ബി 32 മുതൽ 44 വരെ പ്രേക്ഷകർക്കിടയിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു എന്ന് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ് തോന്നിയത്. ഇപ്പോൾ അതിന് അവാർഡും കിട്ടി. അത്തരത്തിൽ ഒരുപാട് കഷ്ടപ്പെട്ട് നിർമ്മിച്ച ഒരു സിനിമയാണിത്.

സ്ത്രീപക്ഷ സിനിമകൾ ആക്രമിക്കപ്പെടണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്.. 

ചില ആളുകൾ ഇത്തരത്തിലുള്ള സ്ത്രീപക്ഷ സിനിമകൾ മോശം കണ്ണോടെയാണ് കാണുന്നത്. അല്ലെങ്കിൽ അവ ആക്രമിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു. ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ സംവിധായകയും മറ്റു ആർട്ടിസ്റ്റുകളും ഒക്കെ ഒന്നിച്ച ഒരു പ്രസ്സ് മീറ്റിൽ നല്ല ലക്ഷ്യത്തോടെ അല്ലാത്ത ചില ചോദ്യങ്ങൾ ചോദിച്ചു. ഈ പെണ്ണുങ്ങൾ എന്താണ് കാണിക്കുന്നത്... ഇവരെല്ലാം സമൂഹത്തിൽ എതിർക്കപ്പെടേണ്ടവരാണ് എന്ന തരത്തിൽ.. ആ ചോദ്യങ്ങളെല്ലാം വല്ലാത്തൊരു മോശം ഫീലിങ്‌ ആണ് എനിക് നൽകിയിട്ടുള്ളത്. ഇത്തരം സമീപനം കാണുമ്പോൾ വിഷമം തോന്നി.

ALSO READ: കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്നയാളാണ് ഞാനും, അവരുടെ ദുഖം എനിക്ക് മനസ്സിലാകും; കുട്ടിക്കർഷകർക്ക് കൈത്താങ്ങുമായ ജയറാം

സ്ത്രീലൈം​ഗികത മനസ്സിലാക്കിത്തരാൻ നീരജയ്ക്ക് കഴിഞ്ഞു..

ബി 32 മുതൽ 44 വരെ പോലെ ഉള്ള ഒരു സിനിമയായിരുന്നു നീരജയും. എന്നാൽ നീരജ കുറച്ചു കൂടെ ജനപ്രിയമാക്കാനായി ശ്രമിച്ചിരുന്നു എന്നുള്ളതാണ് അതിലുള്ള വ്യത്യാസം. എന്നാൽ സിനിമ ആ ലക്ഷ്യം നിറവേറ്റിയോ എന്ന കാര്യത്തിൽ എനിക് സംശയം തോന്നി. എന്നാൽ ഒരു പറ്റം ആളുകൾ ഇപ്പോഴും പറയാൻ മടിക്കുന്ന സ്ത്രീലൈംഗികത എന്ന വിഷയം സമൂഹത്തിന് മുന്നിൽ അത്യാവശ്യം നല്ല രീതിയിൽ അവതരിപ്പിക്കാൻ നീരജയ്ക്ക് സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അർഹിക്കുന്ന ശ്രദ്ധ നീരജയ്ക്ക് കിട്ടിയോ എന്നും സംശയം ആണ്.

ഈ രണ്ട് കഥാപാത്രങ്ങളും അത്ര നീറ്റ് ആയിരുന്നില്ല....

ഷോട്ട് ഫിലിമിലെ ബിനീഷേട്ടനും പദ്മിനിയിലെ ജയേട്ടനും തമ്മിൽ ചില പൊതുസ്വാമ്യങ്ങളുണ്ട്. രണ്ടുപേരും അനാവശ്യമായി ചില പോസസ്സീവ്നെസ്സ് കാണിക്കുന്നവരാണ്. കൂടാതെ രണ്ടുപേരും  മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നവരാണ്.  എന്നിരുന്നാലും രണ്ടുപേരുടെയും ജീവിത പശ്ചാത്തലങ്ങൾ വ്യത്യസ്തം തന്നെയാണ്. അതുകൊണ്ട് അഭിനയിക്കുമ്പോൾ വ്യത്യസ്തമാക്കാനായി ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല. അത് ഉൾക്കൊണ്ടുകൊണ്ടാണ് അഭിനയിച്ചത്. പക്ഷേ എവിടെയൊക്കെയോ ഒരു സാമ്യം ഇരുവരും തമ്മിലുള്ളതായി എനിക്കും ഫീൽ ചെയ്തിട്ടുണ്ട്. 

ഇവർ രണ്ടു പേരും അത്ര നീറ്റല്ല എന്നുള്ളതാണ് സത്യം. അത്ര നല്ല ആൾക്കാർ അല്ല രണ്ടു കഥാപാത്രങ്ങളും. ഞാൻ ബിനീഷേട്ടന്റെയോ ജയേട്ടന്റെയോ കൂടെ അല്ല. പക്ഷെ എന്നെ സംബന്ധിച്ച് കൗതുകം തോന്നിയ കാര്യം എന്തെന്ന് വെച്ചാൽ ഇവർ രണ്ടുപേർക്കും പ്രേക്ഷകരുടെ സിമ്പതി ലഭിച്ചു എന്നുള്ളതാണ്. പക്ഷേ സിമ്പതി കിട്ടാൻ മാത്രം ഒന്നുമില്ല എന്നുള്ളതാണ് സത്യം. രണ്ടുപേരും അത്യാവശം നല്ലതല്ലാത്ത സ്വഭാവമുള്ള വ്യക്തിത്വങ്ങളാണ്. സിനിമ കണ്ട പ്രേക്ഷകരിൽ ചിലരെങ്കിലും ബിനീഷേട്ടനൊപ്പം ജയേട്ടനൊപ്പം എന്ന രീതിയിൽ കമന്റുകൾ ഇട്ട് പ്രതികരിച്ചപ്പോൾ ശരിക്കും എനിക്ക് അത്ഭുതമാണ് തോന്നിയത്.

ജയേട്ടനെ എനിക്ക് ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കില്ല...

പദ്മിനിയിലെ ജയേട്ടനിൽ വ്യക്തിപരമായി എനിക്ക് അംഗീകരിക്കാൻ പറ്റാത്ത സ്വഭാവരീതികൾ ആണ് കൂടുതലും ഉള്ളത്. സിനിമയുടെ സംവിധായകൻ ഈ കഥാപാത്രത്തെ കുറിച്ച് എന്നോട് പറഞ്ഞത് ഇയാൾ കാണുമ്പോൾ ഭയങ്കര പാവമായി തോന്നുമെങ്കിലും ഉള്ളിൽ അത്ര നീറ്റ് അല്ല എന്നാണ്. ഒരു വെടിപ്പല്ലാത്ത സ്വഭാവക്കാനാണ് ജയേട്ടനെന്നാണ് എനിക്ക് കഥാപാത്രത്തെ വിശദീകരിച്ചു തന്നത്. ഒരുപക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് അതിലുള്ള തമാശകളും മറ്റുകാര്യങ്ങളും കൊണ്ടായിരിക്കാം. ജയേട്ടൻ ഭയങ്കര ടോക്സിക്ക് ആയ ഒരു വ്യക്തിയാണ്. സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതും ആ രീതിയിൽ തന്നെയാണ്. സിനിമയിൽ ഒരുതരത്തിലും ജയേട്ടനെ ന്യായീകരിച്ചതായി എനിക്ക് തോന്നിയിട്ടില്ല. ചുരുക്കി പറഞ്ഞാൽ ഒരു കോമാളി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിൽ എനിക്കിഷ്ടമുള്ള യാതൊരു വിധത്തിലുള്ള സ്വഭാവ രീതികളുമില്ല.  

അഭിനയിക്കുമ്പോൾ ഹരം കിട്ടുന്നത് ഈ കഥാപാത്രങ്ങളിൽ..

എനിക്കിഷ്ടമില്ലാത്ത അല്ലെങ്കിൽ വ്യക്തിപരമായ അടുപ്പം തോന്നാത്ത കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ ഒരു പ്രത്യേക ഹരം തോന്നാറുണ്ട്. ആ ഒരു സുഖം എനിക്ക് ജയേട്ടനെയും ബിനീഷേട്ടനെയും അവതരിപ്പിച്ചപ്പോൾ അനുഭവിച്ചു. ഒരു പ്രത്യേക രസമാണ് ഇത്തരം കഥാപാത്രങ്ങളെ അഭിനയിക്കമ്പോൾ എനിക്ക് കിട്ടാറുള്ളത്. ഒരുപക്ഷേ ഇത്തരം സ്വഭാവമുള്ള ആളുകളെ നമ്മൾ ജീവിതത്തിൽ ഒരുപാട് ഒബ്സർവ്വ് ചെയ്യുന്നതു കൊണ്ടായിരിക്കും അങ്ങനെയൊരു. ഫീൽ.

പൊളിക്റ്റിക്കലി ഇൻകറക്റ്റ് ആവാതിരിക്കാൻ ശ്രമിക്കാറുണ്ട്...

സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന് ഒരു സന്ദേശം നൽകണം എന്ന ഉദ്ദേശത്തോടെയൊന്നും ചെയ്യാറില്ല. എന്നാലും തന്റെ കഥാപാത്രങ്ങൾ പൊളിക്റ്റിക്കലി ഇൻകറക്റ്റ് ആവാതിരിക്കാൻ ശ്രമിക്കാറുണ്ട്.

അള്ള് രാമേന്ദ്രൻ ഉണ്ടായത്..

ഞങ്ങൾ തുടക്കക്കാർ ഒന്നിച്ചെടുത്ത ഒരു സിനിമയാണ് അള്ള് രാമേന്ദ്രൻ. ഞാൻ, വിനീത് വാസുദേവൻ, ഗിരീഷ് എ ഡി എന്നിവർ ഒന്നിച്ച് തിരക്കഥ എഴുതിയ സിനിമയാണ് അത്. പലരും ചിത്രത്തെ കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യുകയും പോസിറ്റീവ് റിവ്യൂസ് നൽകുകയും ചെയ്യാറുണ്ട്. മലയാളത്തിൽ ഒരു മികച്ച നടനായ കുഞ്ചാക്കോ ബോബനെ വെച്ച് സ്വന്തമായി ഒരു സിനിമ ചെയ്യാൻ സാധിച്ചു എന്നുള്ളതൊക്കെ ശെരിക്കും സന്തോഷം നൽകുന്നതാണ്.

ഷോട്ട്ഫിലീമുകളിലൂടെ തുടക്കം..

സുഹൃത്തുക്കൾ ചെയ്ത ഷോട്ട്ഫിലിമുകളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തണ്ണീർ മത്തൻ ഡയറക്ടർ സംവിധാനം ചെയ്ത, യശ്പാൽ എന്ന ഷോട്ട്ഫിലിമിലെ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് പ്രശോബ് വിജയൻ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ലില്ലിയിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഇതിനു പുറകേ തണ്ണീർമത്തൻ ചെയ്തു. അങ്ങിനെ മെല്ലെ സിനിമയിൽ സജീവമായി. 

തണ്ണീർമത്തൻ ഓർമ്മകൾ..

തണ്ണീർമുക്കം ദിനങ്ങളിൽ ആണ് ഞാൻ ആളുകൾക്കിടയിൽ നോട്ടീസ് ചെയ്യപ്പെടാൻ തുടങ്ങിയത്. അതിനു മുന്നേ ഞാൻ ലില്ലി എന്ന സനിമയിൽ അഭിനയിച്ചിരുന്നു. തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകനായ ഗിരീഷ് എഡി എന്റെ അടുത്ത സുഹൃത്താണ്. ഈ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയപ്പോൾ തന്നെ സതീശ് എന്ന കഥാപാത്രം ഞാൻ തന്നെ ചെയ്യണം എന്ന് എന്നോട് ആദ്യം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ​ഗിരിഷിനൊപ്പം സ്ക്രിപ്റ്റ് തയ്യാറാക്കിയ ദിനോയി പൗലോസിന്റെ സ്കൂളിൽ നടന്ന ഒരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയിൽ രണ്ടു മാഷുമാർ തമ്മിലുണ്ടായ അടി.

മുണ്ടൂരൽ എന്റെ ഐഡിയ...

മാഷുമാർ തമ്മിൽ ഉള്ള അടിയിൽ എന്ടെ കഥാപാത്രത്തിന് മുണ്ട് മതി എന്നുള്ളത് എന്ടെ ഐഡിയ ആയിരുന്നു. കുട്ടികൾക്കിടയിൽ നിന്നും പഠിപ്പിക്കുന്ന മാഷിന്റെ മുണ്ട് ഉരിഞ്ഞു പോകുക എന്നത് രസകരമായ കാര്യമായിരിക്കും എന്നു തോന്നി. കാരണം പലപ്പോഴും നമ്മൾ കുട്ടികളേക്കാൾ തരം താഴ്ന്നു പോകുന്ന അവസ്ഥകൾ ജീവിതത്തിലും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് കുട്ടികളുടെ മുന്നിൽ മുണ്ട് അഴിയണം എന്ന് എനിക് തോന്നിയത്.

സ്വന്തമെന്ന് തോന്നിയ സിനിമ..

വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ആസ്വദിച്ചു ചെയ്ത സിനിമയാണ് സൂപ്പർ ശരണ്യ.. കാരണം ഞങ്ങൾ ചെറിയ ഷോട്ട് ഫിലിം ഒക്കെ ചെയ്ത് തുടങ്ങിയവരായിരുന്നു അതിന്റെ സംവിധായകൻ ഗിരീഷും ഞാനും ഒക്കെ. അതിന് ശേഷം താരതമ്യേനെ ചെറിയ ബഡ്ജറ്റ്  ചിത്രമായ തണ്ണീർ മത്തൻ ചെയ്തു... അതിൽ വിജയിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായി ചെയ്ത സിനിമയാണ് സൂപ്പർ ശരണ്യ. ബഡ്ജറ്റ് ആയാലും കുറച്ചൂടെ ഒക്കെ ചിലവാക്കി എടുത്ത സിനിമ.. എല്ലാ സുഹൃത്തുക്കളും ഇതിൽ സഹകരിച്ചിരുന്നു.. അതുകൊണ്ടുതന്നെ നമ്മുടെ സിനിമയെന്ന ഉറച്ച ബോധ്യം ആ സിനിമയോട്  തോന്നിയിരുന്നു.

അഭിലാഷ് അളിയനോട് ഇഷ്ടക്കൂടുതൽ ഉണ്ട്..

ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റിയിട്ടുള്ളത് സൂപ്പർ ശരണ്യയിലെ അഭിലാഷ് അളിയനെയാണ്. അഭിലാഷിനെ പോലെ കള്ളുകുടിയനൊ തല്ലുണ്ടാക്കുന്ന ആളോ ഒന്നുമല്ല ഞാൻ.. പക്ഷേ എന്റെ മാനറിസം എല്ലാം മനസ്സിൽ കൊണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. എനിക്ക് അഭിനയിക്കാൻ വേണ്ടി രൂപപ്പെടുത്തിയ ഒരു കഥാപാത്രമാണ് അഭിലാഷ് അളിയൻ.  അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന്റെ സംസാരശൈലിയും ബോഡി ലാൻ​ഗ്വേജുമെല്ലാം എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിയാറുണ്ട്.

ഒന്നും വേണ്ടായിരുന്നുവെന്ന് ഇതുവരെ തോന്നിയിട്ടില്ല..

ഇന്നേവരെ ചെയ്ത ഒരു കഥാപാത്രങ്ങളും ചെയ്യേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. ചില കഥാപാത്രങ്ങൾ ഒന്നും ഞാൻ ഉദ്ദേശിച്ച അത്ര വർക്ക് ആയിട്ടില്ല.. അവയെല്ലാം ഒരു പഠനം ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് ഇനി എന്തെല്ലാം ഇംപ്രൂവ് ചെയ്യാനുണ്ട് എന്തെല്ലാം പോരായ്മകൾ എനിക്കുണ്ട് എന്നൊക്കെ പഠിക്കാൻ സാധിച്ചു. ഞാൻ ചെയ്തു നന്നാവാതെ പോയ കഥാപാത്രങ്ങളിൽ നിന്നാണ് എനിക്ക് കൂടുതലായി പഠിക്കാൻ സാധിച്ചത്.

പുതിയ ചിത്രങ്ങൾ...

പേരില്ലൂർ പ്രീമിയർ ലീ​ഗ് എന്ന പേരിൽ ഹോട്ട്സ്റ്ററിന് വേണ്ടി ഒരു സീരീസ് ഇറങ്ങുന്നുണ്ട്. അത് ജനുവരിയിൽ റിലീസ് ചെയ്യും.. പിന്നെ തുണ്ട് അങ്ങനെ 2024 പ്രതീക്ഷകളുടെ ഒരു വർഷം തന്നെയാണ്. 

ഐ ആം കാതലൻ...

ഞാൻ എഴുതിയ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഐ ആം കാതലൻ. തണ്ണീർ മത്തനും സൂപ്പർ ശരണ്യയ്ക്കും ശേഷം ഗിരീഷ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുതുവർഷത്തിൽ അതും റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ.  മറ്റൊരു സിനിമയുടെ സ്ത്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News