ഷെയ്നിന്‍റെ വിലക്ക്: 'അമ്മ'യുടെ ചര്‍ച്ച നാളെ?

യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ താര സംഘടന AMMA ഇടപെട്ടുള്ള ചര്‍ച്ച നാളെ നടന്നേക്കും.

Sneha Aniyan | Updated: Dec 4, 2019, 07:39 PM IST
ഷെയ്നിന്‍റെ വിലക്ക്: 'അമ്മ'യുടെ ചര്‍ച്ച നാളെ?

യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ താര സംഘടന AMMA ഇടപെട്ടുള്ള ചര്‍ച്ച നാളെ നടന്നേക്കും.

നിര്‍ത്തി വച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സാധ്യതകള്‍ തേടി നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനാണ് AMMA സംഘാടകരുടെ തീരുമാനം. 

വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ്‌ നിര്‍ത്തി വച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഷെയ്നിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന രീതിയിലാണ് AMMA ചര്‍ച്ച നടത്തുക. 

ഷെയ്നിന്‍റെ സുഹൃത്തുക്കളും അമ്മയും ഈ വിവരം AMMA ഭാരവാഹികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്നിന്‍റെ അമ്മ നേരത്തെ AMMA ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഷെയ്നിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് AMMA പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് AMMA ഭാരവാഹികള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്. 

മാത്രമല്ല, വളര്‍ന്നു വരുന്ന യുവ താരമെന്ന നിലയില്‍ ഷെയ്നിനെ മലയാള സിനിമയില്‍ നിന്നും ഒഴിവാക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും AMMA-യുടെ ചില അംഗങ്ങള്‍ക്കുണ്ട്. 

ഇടവേള ബാബുവാണ് AMMAയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക. വ്യാഴാഴ്ച കൊച്ചിയില്‍ വച്ച് ചര്‍ച്ച നടക്കുമെന്നാണ് സൂചന. 

രണ്ടു സിനിമകളും പൂർത്തിയാക്കാനുള്ള നടപടിയുണ്ടാവണം എന്നറിയിച്ച് ഫെഫ്കയും കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. 

ഷെയ്ന്‍ നിഗം വിവാദത്തിൽ നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.