ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം കോബ്രയില്‍ തന്റെ പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച് സംവിധായകന്‍ അജയ് ജ്ഞാനമുത്തു. കൊറോണ വൈറസ് വ്യാപനം മൂലം കോബ്രയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കയാണ്. അജയ്യുടെ ഈ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിര്‍മ്മാതാക്കളും രംഗത്തു വന്നിട്ടുണ്ട്.
കോവിഡ് 19ന്റെ വ്യാപ്തി മൂലം ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നത് നിര്‍മ്മാതാവ് ലളിത് കുമാറിന് വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. ഇതാണ് പ്രതിഫലം വെട്ടിക്കുറയ്ക്കാമെന്ന അജയ്യുടെ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ റഷ്യയില്‍ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന കോബ്രയുടെ ഷൂട്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് അണിയപ്രവര്‍ത്തകര്‍ നാട്ടിലേക്ക് തന്നെ മടങ്ങി.
Also Read: 'കടുവാക്കുന്നേല്‍ കുറുവച്ചന്' കോപ്പിറൈറ്റ്; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് വിലക്ക്
അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുമ്പോള്‍ റഷ്യയില്‍ ചിത്രീകരണം പുനരാരംഭിക്കും. ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ചിത്രത്തില്‍ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലെ വിക്രമിന്റെ പോസ്റ്റര്‍ നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം.