വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തോളമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹണി ഇപ്പോള്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമായും മാറിക്കഴിഞ്ഞു.
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇതര ഭാഷകളില്‍ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. തെലുങ്ക് സൂപ്പര്‍ താരം ബാലയ്യ നായകനായ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ വലിയൊരു ആരാധക വൃന്ദത്തെ തെലുങ്കില്‍ സ്വന്തമാക്കാന്‍ ഹണിയ്ക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ ഹണിയുടെ താരമൂല്യത്തിലും വര്‍ധനവുണ്ടായെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: സലാറിൽ റോക്കി ഭായും? കാമിയോ റോളിൽ യഷ് എത്തുമോ? പ്രതീക്ഷയിൽ ആരാധകർ
ലക്ഷങ്ങളാണ് ഉദ്ഘാടനങ്ങള്‍ക്ക് ഹണി പ്രതിഫലമായി വാങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എത്ര പണം മുടക്കിയും ഹണിയെ ഉദ്ഘാടനത്തിന് എത്തിക്കാന്‍ ഹൈദരാബാദിലും തെലങ്കാനയിലും തയ്യാറായി നില്‍ക്കുന്ന നിരവധി പ്രമുഖ ബിസിനസുകാരുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 60 ലക്ഷം രൂപയോളമാണ് ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് ഹണി റോസ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലും ഏറ്റവും കൂടുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്താറുള്ള താരമാണ് ഹണി റോസ്. ഇതിന്റെ പേരില്‍ താരത്തിന് നേരെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരാറുണ്ട്. ഉദ്ഘാടന സ്റ്റാര്‍ എന്നാണ് വിമര്‍ശകര്‍ ഹണിയെ പരിഹസിക്കുന്നത്.
അതേസമയം മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹണി. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ചിത്രം സാമ്പത്തിക വിജയമായില്ലെങ്കിലും ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രം വലിയ കൈയ്യടി നേടിയിരുന്നു. നിലവില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന റേച്ചല്‍ എന്ന ചിത്രമാണ് ഹണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നവാഗതനായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...