പുകമറ സൃഷ്ടിക്കരുത്, തെളിവ് തരണം -നിര്‍മ്മാതാക്കളോട് ഫെഫ്ക!

മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഫെഫ്ക. 

Last Updated : Dec 1, 2019, 03:49 PM IST
പുകമറ സൃഷ്ടിക്കരുത്, തെളിവ് തരണം -നിര്‍മ്മാതാക്കളോട് ഫെഫ്ക!

കൊച്ചി: മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഫെഫ്ക. 

ലഹരി സംബന്ധിച്ച നിര്‍മ്മാതാക്കളുടെ ആരോപണം വൈകാരികമാണെന്നും ഷൂട്ടിംഗ് സെറ്റുകളിലെ റെയ്ഡ് അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

സിനിമയില്‍ ലഹരി ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവ് കൈമാറണമെന്നും സിനിമാമേഖലയെ മുഴുവനും പുകമറയില്‍ നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്നും സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് അതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. 

ഷെയ്ന്‍ നിഗം വിവാദത്തിൽ നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഈ രണ്ടു സിനിമകളും പൂർത്തിയാക്കാനുള്ള നടപടിയുണ്ടാവണം എന്ന നിലപാടിലാണ് ഫെഫ്കയെന്നും ഒരു ദിവസത്തിനുള്ളിൽ തീരുമാനമറിയിക്കാൻ സംവിധായകരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങൾ സിനിമാ സെറ്റിൽ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന നിർമാതാക്കളുടെ പ്രസ്താവന വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Trending News