കമ്മട്ടിപാടം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ മണികണ്ഠന്‍ ആചാരി വിവാഹിതനായി.
പേട്ട സ്വദേശിനി അഞ്ജലിയാണ് വധു. ഏരൂര്‍ അയ്യമ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വച്ചു ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. രാവിലെ എട്ടിനും എട്ടരയ്ക്കുമിടയില്‍ നടന്ന ചടങ്ങില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
വിവാഹ ചിലവുകള്‍ക്കായി കരുതിയിരുന്ന പണം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എംസ്വരാജ് എംഎല്‍എയ്ക്ക് കൈമാറി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പോലും ക്ഷേത്രത്തിനു പുറത്താണ് നില്‍ക്കുന്നതെന്നും ആര്‍ക്കും പരിഭവം തോന്നരുതെന്നും വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മണികണ്ഠന്‍ പറഞ്ഞു.
കൊറോണ: സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി ഭിന്നശേഷിക്കാരി!
ഇന്ന് വിവാഹം മാറ്റിയാല്‍ പിന്നീട് എന്നാണ് എന്ന് പറയാനാകില്ലെന്നും അതില്‍ വാശിയൊന്നുമില്ലെന്നും പറഞ്ഞ മണികണ്ഠന്‍ എല്ലാവരുടെയും ആരോഗ്യമാണ് വലുതെന്നും ആഘോഷങ്ങള്‍ പിന്നെയാകാമെന്നും വ്യക്തമാക്കി.
ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് മണികണ്ഠന്‍ അഞ്ജലിയുടെ കൈപിടിച്ചത്. ഒരു ഉത്സവത്തിനിടെയാണ് മണികണ്ഠന്‍ അഞ്ജലിയെ പരിചയപ്പെട്ടത്. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അഞ്ജലിയ്ക്കും സമ്മതമായിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍റെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് തമിഴ്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.