Filmfare Awards 2023: ഫിലിം ഫെയറില്‍ തിളങ്ങി മലയാളം; ദുല്‍ഖര്‍ തെലുങ്കിലെ മികച്ച നടന്‍, നിത്യ തമിഴിൽ; മലയാളത്തിലെ ജേതാക്കള്‍ ആരൊക്കെ?

Filmfare Awards 2023: മലയാളത്തിൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരം പാർവ്വതി തിരുവോത്തിനാണ്. പുഴുവിലെ അഭിനയത്തിനാണ് പുരസ്കാരം

Written by - Zee Malayalam News Desk | Last Updated : Jul 12, 2024, 10:37 AM IST
  • അപ്പൻ സിനിമയിലെ പ്രകടനത്തിന് അലൻസിയറിന് മികച്ച നടൻ(ക്രിട്ടിക്സ്) പുരസ്കാരം ലഭിച്ചു
  • ഭൂതകാലത്തിലെ പ്രകടനത്തിന് രേവതിയ്ക്ക് മികച്ച നടിയ്ക്കുള്ള (ക്രിട്ടിക്സ്) പുരസ്കാരവും ലഭിച്ചു
  • ഭീഷ്മപർവ്വതിലെ രതിപുഷ്പം എന്ന ഗാനം ആലപിച്ച ഉണ്ണി മേനോൻ ആണ് മികച്ച ഗായകൻ
Filmfare Awards 2023: ഫിലിം ഫെയറില്‍ തിളങ്ങി മലയാളം; ദുല്‍ഖര്‍ തെലുങ്കിലെ മികച്ച നടന്‍, നിത്യ തമിഴിൽ; മലയാളത്തിലെ ജേതാക്കള്‍ ആരൊക്കെ?

2023 ലെ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളികള്‍ക്കാകെ അഭിമാനിക്കാനുള്ള വകയുണ്ട് ഇത്തവണത്തെ ഫിലിം ഫെയര്‍ പുരസ്‌കാര പ്രഖ്യാപനത്തിലും. മലയാളത്തിന് പുറത്ത് നിന്നും മലയാള സിനിമയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് നമ്മുടെ താരങ്ങള്‍.

കഴിഞ്ഞവര്‍ഷം തഗംരം സൃഷ്ടിച്ച ദുര്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു സീതാരാമം. ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡിലും സീതാരാമം തിളങ്ങി. തെലുങ്കില്‍ നിന്നുള്ള മികച്ച സിനിമ (ക്രിട്ടിക്) പുരസ്‌കാരം സീതാരാമത്തിനാണ്. ഈ സിനിമയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള (ക്രിട്ടിക്) പുരസ്‌കാരവും ലഭിച്ചു. ഇത് രണ്ടാം തവണയാണ് ദുല്‍ഖറിന് തെലുങ്കിലെ പ്രകടനത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിക്കുന്നത്. തമിഴില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം (ക്രിട്ടിക്‌സ്) നിത്യ മേനോന്‍ സ്വന്തമാക്കി. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. തമിഴില്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം ഉര്‍വ്വശിയും സ്വന്തമാക്കിയിട്ടുണ്ട്. വിട്ട്‌ലെ വിശേഷം എന്ന സിനിമയിലെ പ്രകടനം ആണ് ഉര്‍വ്വശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. 

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' ആണ് 2023 ലെ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരവും രതീഷ് ബാലകൃഷ്ണ പൊതുവാളിനാണ്. ഈ സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഉടല്‍ എന്ന സിനിമയിലെ പ്രകടനത്തിന് ഇന്ദ്രന്‍സ് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ആണ് ക്രിട്ടിക്‌സ് വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അലന്‍സിയര്‍ ലേ ലോപ്പസ് ആണ്. 'അപ്പന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ക്രിട്ടിക്‌സ് വിഭാഗത്തില്‍ മികച്ച നടിയായി രേവതി തിരഞ്ഞെടുക്കപ്പെട്ടു. 'ഭൂതകാലം' എന്ന സിനിയിലെ പ്രകടനമാണ് രേവതിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. 

ദര്‍ശന രാജേന്ദ്രന്‍ ആണ് 2023 ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. 'ജയ ജയ ജയ ജയ ജയഹേ'  എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അനശ്വരമാക്കിയത് ദര്‍ശന ആയിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു അത്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം പാര്‍വ്വതി തിരുവോത്താണ് ഇത്തവണ സ്വന്തമാക്കിയത്. രഥീന സംവിധാനം ചെയ്ത 'പുഴു' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കൈലാസ് മേനോന്‍ ആണ്. വാശിയിലെ ഗാനങ്ങള്‍ക്കാണ് പുരസ്‌കാരം. മികച്ച ഗായകനുള്ള പുരസ്‌കാരം ഉണ്ണി മേനോന്‍ സ്വന്തമാക്കി. ഭീഷ്മപര്‍വ്വത്തിലെ 'രതിപുഷ്പം' എന്ന ഗാനത്തിനാണ് അവാര്‍ഡ്. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മൃദുല വാര്യര്‍ സ്വന്തമാക്കി. പത്തൊന്‍പതാം നൂറ്റാണ്ടിലെ മയില്‍പീല എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇത്. മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം അരുണ്‍ ആലത്തിനാണ്. ഹൃദയത്തിലെ 'ദര്‍ശനാ...' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പുരസ്‌കാരം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News